മൊണാകോ: പുത്തന്‍ രീതിയില്‍ നടക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പതിപ്പിന്‍റെ നറുക്കെടുപ്പ് പൂർത്തിയായി. ലീഗ് ഘട്ടത്തിലേക്ക് യോഗ്യത നേടിയ 36 ടീമുകളെ നാല് പോട്ടുകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.
ഒരു പോട്ടിൽ ഒമ്പതു ടീമുകൾ. മൊണാകോയിലാണ് നറുക്കെടുപ്പ് നടന്നത്. പരമ്പരാഗത ഗ്രൂപ്പ് സ്റ്റേജിനു പകരമായി പ്ലേ ഓഫില്‍ നിന്ന് യോഗ്യത നേടുന്ന ടീമുകള്‍ ഉള്‍പ്പെടുന്ന ഒറ്റ ലീഗ് ആണ് ഉള്ളത്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗിലെയും യൂറോപ്പ ലീഗിലെയും ചാമ്പ്യന്മാരും ആറ് ആഭ്യന്തര ലീഗ് വിജയികളുമാണ് ആദ്യ പോട്ടിലുള്ളത്. യുവേഫ കോയഫിഷ്യന്റ് റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ അഞ്ച് സീസണുകളിലെ പ്രകടനം നോക്കിയാണ് രണ്ടു മുതല്‍ നാലു വരെയുള്ള പോട്ടുകളില്‍ ടീമുകളെ ക്രമീകരിച്ചിരിക്കുന്നത്.
പി.എസ്.ജി, റയൽ മഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക്ക്, ലിവർപൂൾ, ഇന്‍റർ മിലാൻ, ചെൽസി, ബൊറൂസിയ ഡോർട്ട്മുണ്ട്, ബാഴ്സലോണ ടീമുകളാണ് ആദ്യ പോട്ടിലുള്ളത്. ആഴ്സണൽ, ലെവർകുസൻ, അത്ലറ്റികോ മഡ്രിഡ്, ബെൻഫിക, അറ്റ്ലാന്‍റ, വിയ്യാറയൽ, യുവന്‍റസ്, ഫ്രാങ്ക്ഫർട്ട്, ക്ലബ് ബ്രൂഗ് എന്നീ ടീമുകളാണ് പോട്ട് രണ്ടിൽ.
ഓരോ ടീമുകളും നാലു പോട്ടുകളിലെയും രണ്ടു വീതം ടീമുകളുമായി ഏറ്റുമുട്ടണം. നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി ബയേൺ (ഹോം), ബാഴ്സലോണ (എവേ), അറ്റ്ലാന്‍റ (ഹോം), ബയർ ലെവർകുസൻ (എവേ), ടോട്ടൻഹാം (ഹോം), സ്പോർട്ടിങ് (എവേ), ന്യൂകാസിൽ (ഹോം), അത്ലറ്റിക് ക്ലബ് (എവേ) ടീമുകളുമായി ഏറ്റുമുട്ടും. മാഞ്ചസ്റ്റർ സിറ്റിക്ക് ബൊറൂസിയ (ഹോം), റയൽ (എവേ), ബയർ ലെവർകുസൻ (ഹോം), വിയ്യാ റയൽ (എവേ), ഗലറ്റസാരെ (ഹോം), മൊണാകോ (എവേ) ടീമുകളാണ് എതിരാളികൾ.
പി.എസ്.ജി, ചെൽസി, ഫ്ലാങ്ക്ഫർട്ട്, ന്യൂകാസിൽ, കോപൻഹാഗൻ എന്നീ ടീമുകളുമായി ബാഴ്സ ഏറ്റുമുട്ടും. ലിവർപൂൾ സ്വന്തം മൈതാനത്ത് റയലുമായി മത്സരിക്കും. ഇന്‍റർ മിലാൻ (എവേ), അത്ലറ്റിക് മഡ്രിഡ് (ഹോം) എന്നീ ടീമുകളുമായും മത്സരങ്ങളുണ്ട്. സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയാണ് ലീഗ് മത്സരങ്ങള്‍. കഴിഞ്ഞ സീസണില്‍ ലീഗ് ഘട്ടത്തില്‍ മത്സരിച്ച 16 ടീമുകള്‍ മാത്രമാണ് ഇത്തവണ യോഗ്യത നേടിയത്.