വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുക്കിയ അത്താഴവിരുന്നിൽ അതിഥിയായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി രാജകുമാരൻ മുഹമ്മദ് സൽമാന് ഒരുക്കിയ വിരുന്നിലാണ് അപ്രതീക്ഷിത അതിഥിയായി റൊണാൾഡോ എത്തിയത്. വിരുന്നിലേക്ക് പോർച്ചുഗൽ സൂപ്പർതാരം എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
അഞ്ച് തവണ ബാലൺദ്യോർ പുരസ്കാരം നേടിയ റൊണോൾഡോ തന്റെ വിരുന്നിൽ പങ്കെടുത്തതിന് ട്രംപ് നന്ദി പറഞ്ഞു. തന്റെ ഇളയമകൻ ബാരോൺ ക്രിസ്റ്റ്യാനോയുടെ കടുത്ത ആരാധകനാണെന്നും ട്രംപ് വെളിപ്പെടുത്തി. ക്രിസ്റ്റ്യാനോയെ നേരിട്ട് കാണാൻ കഴിഞ്ഞതിൽ മകന് വലിയ സന്തോഷമുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഡോണാൾഡ് ട്രംപിനും മുഹമ്മദ് ബിൻ സൽമാനും സമീപത്തായി തന്നെയാണ് റൊണോൾഡോക്കും ഇരിപ്പിടമൊരുക്കിയത്.
ആപ്പിൾ സി.ഇ.ഒ ടിം കുക്ക്, ടെസ്‍ല സ്ഥാപകൻ ഇലോൺ മസ്ക് എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, ഷെവ്റൺ ചീഫ് എക്സിക്യൂട്ടീവ് മൈക് വിർത്, ബ്ലാക്ക് സ്റ്റോൺ സഹസ്ഥാപകൻ സ്റ്റീഫൻ ഷെവാർമാൻ, ജനറൽ മോട്ടോഴ്സ് സി.ഇ.ഒ മേരി ബാര, ഫോഡ് എക്സിക്യൂട്ടീവ് ചെയർമാൻ വില്യം ക്ലേ ഫോഡ്, യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, ഡോണൾഡ് ട്രംപ് ജുനിയർ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
യു.എസും മെക്സിക്കോയും കാനഡയും ആതിഥേയത്വം വഹിക്കുന്ന ലോകകപ്പായിരിക്കും തന്റെ കരിയറിലെ അവസാന ടൂർണമെന്റെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞിരുന്നു. 2014 ആഗസ്റ്റിലാണ് ക്രിസ്റ്റ്യാനോ അവസാനമായി അമേരിക്കൻ മണ്ണിൽ കളിച്ചത്. റയൽ മാഡ്രിഡ്-മാഞ്ചസ്റ്റർ യുണൈറ്റഡ് സൗഹൃദ മത്സരത്തിന് വേണ്ടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യു.എസിലെത്തിയത്.
