മുഹമ്മദ് സലാഹും സാദിയോ മാനെയും (ഫയൽ)
റബാത്ത് (മൊറോക്കോ): ആഫ്രിക്കൻ വൻകരയുടെ പുതിയ സോക്കർ ചാമ്പ്യന്മാരെ തീരുമാനിക്കുന്ന കലാശക്കളിക്ക് ആരൊക്കെ ടിക്കറ്റെടുക്കുമെന്ന് ബുധനാഴ്ചയറിയാം. ആഫ്രിക്കൻ നേഷൻസ് കപ്പ് അവസാന നാലിലെ പോരാട്ടങ്ങളിൽ ഇന്ന് ഈജിപ്തിനെ സെനഗാളും ആതിഥേയരായ നൈജീരിയയെ മൊറോക്കോയും നേരിടും. ലോക ഫുട്ബാളിലെ മിന്നും താരങ്ങൾ തമ്മിലെ നേർക്കുനേർ അങ്കത്തിനുകൂടി റബാത്തും ടാംഗിയെറും സാക്ഷിയാവും. ഈജിപ്തിനായി മുഹമ്മദ് സലാഹും സെനഗാളിനുവേണ്ടി സാദിയോ മാനെയും ഇറങ്ങുന്നത് കാത്തിരിക്കുകയാണ് ആരാധകർ. ലിവർപൂളിൽ സഹതാരങ്ങളായിരുന്നു ഇരുവരും.
ഇന്ത്യൻ സമയം രാത്രി 10.30 മുതൽ ടാംഗിയെർ ഗ്രാൻഡ് സ്റ്റേഡിയത്തിലാണ് ഈജിപ്ത്-സെനഗാൾ മത്സരം. സലാഹും മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ ഉമർ മർമൂഷും ചേർന്നാണ് ഈജിപ്തിന്റെ മുന്നേറ്റം നയിക്കുക. നിലവിലെ ചാമ്പ്യന്മാരായ ഐവറി കോസ്റ്റിനെ ക്വാർട്ടർ ഫൈനലിൽ പറഞ്ഞുവിട്ടാണ് ഫറോവൻസിന്റെ വരവ്. സെനഗാളാവട്ടെ മാലിയെ വീഴ്ത്തിയും സെമിയിൽ കടന്നു.
ഖത്തർ ലോകകപ്പിൽ നാലാം സ്ഥാനം നേടി ചരിത്രം കുറിച്ച മൊറോക്കോ നിലവിൽ അറബ് കപ്പ് ചാമ്പ്യന്മാരുമാണ്. ഗോളടി വീരൻ ബ്രാഹിം ഡയസിന്റെ മിന്നും ഫോമിലാണ് ആതിഥേയരുടെ പ്രതീക്ഷകളത്രയും. റയൽ മഡ്രിഡ് സ്ട്രൈക്കറായ ബ്രാഹിം കാമറൂണിനെതിരായ ക്വാർട്ടറിലുൾപ്പെടെ തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ സ്കോർ ചെയ്തു. അൾജീരിയയെ തോൽപിച്ചാണ് നൈജീരിയ നാലിലൊരിടം നേടിയത്. രണ്ടാം സെമി ഇന്ത്യൻ സമയം വ്യാഴാഴ്ച വെളുപ്പിന് റബാത്ത് മൗല അബ്ദുല്ല സ്റ്റേഡിയത്തിൽ നടക്കും.
