ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ഉൾപ്പെടെ രാജ്യത്തെ ഫുട്ബാൾ ടൂർണമെന്റുകൾ സമയബന്ധിതമായി ആരംഭിക്കാൻ നിർദേശം നൽകി സുപ്രീം കോടതി. മാസങ്ങളായി തുടരുന്ന അനിശ്ചിതത്വങ്ങൾക്ക് അന്ത്യം കുറിച്ചാണ് ഫുട്ബാൾ കലണ്ടർ സമയത്തിന് ആരംഭിക്കാൻ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന് സുപ്രീം കോടതി നിർദേശം നൽകുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗ് നടത്തുന്നതിന് വാണിജ്യ പങ്കാളിയെ തെഞ്ഞെടുക്കുന്നതിന് മത്സരപരവും സുതാര്യവുമായ പ്രക്രിയയ്ക്കായി ബിഡുകൾ ക്ഷണിച്ചുകൊണ്ട് ഫെഡറേഷന് ആവശ്യമായ ടെൻഡറുകൾ പുറപ്പെടുവിക്കാമെന്നും കോടതി വ്യക്തമാക്കി. ഇത് ഉറപ്പാക്കുന്നതിന് ജസ്റ്റിസ് എൽ. നാഗേശ്വര റാവുവിനെ നിയോഗിച്ചിട്ടുമുണ്ട്. ഐ.എസ്.എൽ സീസൺ വൈകിയ സാഹചര്യത്തിലാണ് സുപ്രിംകോടതി ഇടപെടൽ.
ഫുട്ബാൾ ഫെഡറേഷനും ഐ.എസ്.എൽ സംഘാടകരായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും തമ്മിലെ മാസ്റ്റർ റൈറ്റ്സ് കരാർ പുതുക്കാത്തതാണ് സീസൺ അനിശ്ചിതത്വത്തിലാക്കിയത്.
“ഫുട്ബാൾ കലണ്ടർ സമയബന്ധിതമായി ആരംഭിക്കുന്നതിനും സൂപ്പർ കപ്പും അതിന്റെ നിയന്ത്രണത്തിലുള്ള മറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട് 2025-2026 സീസണിൽ തുടർച്ച നിലനിർത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ എ.ഐ.എഫ്.എഫിനോട് നിർദേശിക്കുന്നു”- ജസ്റ്റിസ് പി. നരസിംഹ, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വിധിന്യായത്തിൽ പറഞ്ഞു.
അതേസമയം, അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ ഭരണഘടന സംബന്ധിച്ച് കോടതി വിധി പറഞ്ഞിട്ടില്ല. ഭരണഘടനാ പ്രതിസന്ധി ഉടൻ അവസാനിപ്പിക്കാനും, പരിഷ്‍കരിച്ച ഭരണഘടന ഒക്ടോബർ 30ന് മുമ്പായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച ഫിഫ എ.ഐ.എഫ്.എഫിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇല്ലെങ്കിൽ ഇന്ത്യക്ക് അന്താരാഷ്ട്ര ഫുട്ബാളിൽ വിലക്കേർപ്പെടുത്തുമെന്നും ഫിഫ അറിയിച്ചു. ഫെഡറേഷൻ ഭരണഘടന പരിഷ്‍കരണം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതി ഉത്തരവു പ്രകാരമേ പുതുക്കിയ ഭരണഘടന ഫെഡറേഷന് നടപ്പാക്കാൻ കഴിയൂ.
ഫെഡറേഷൻ ഭരണഘടനയുടെ കരടും, ദേശീയ കായിക ഭരണ നിയമവും പരിശോധനയിലാണെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം, കായിക നിയമത്തിൽ ഫെഡറേഷൻ ഭാരവാഹികളുടെ കാലാവധി, പ്രായം എന്നിവ സംബന്ധിച്ചുള്ള അവ്യക്ത കോടതി ചൂണ്ടികാട്ടിയിരുന്നു.
11 സീസണുകൾ പിന്നിട്ട ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബാളിന്റെ അനിശ്ചിതത്വങ്ങൾ മാറ്റുന്നതാണ് സുപ്രീം കോടതിയുടെ ഇടപെടൽ. സംഘടകരായ എഫ്.എസ്.ഡി.എലുമായുള്ള ഫെഡറേഷന്റെ മാസ്റ്റർ റൈറ്റ്സ് കരാർ ഡിസംബറിൽ കാലാവധി കഴിയും. ഇത് പുതുക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വ നിലനിൽക്കുന്നത് കാരണം ടൂർണമെന്റ് സംഘാടന നടപടികൾക്ക് എഫ്.എസ്.ഡി.എൽ തുടക്കം കുറിച്ചിരുന്നില്ല. ഇതോടെ ക്ലബുകളും പിൻവാങ്ങി തുടങ്ങി. താരങ്ങളെ വിട്ടയച്ചും, പുതിയ കളിക്കാരുടെ കരാർ ഉറപ്പിക്കാതെയും പ്രതിസന്ധി രൂക്ഷമായി. വിവിധ ക്ലബുകൾ താരങ്ങളുടെയും ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറച്ചും രംഗത്തുവന്നു. അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ യോഗത്തിൽ ടൂർണമെന്റ് തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനമായെങ്കിലും കേസ് കോടതിയിലായതിനാൽ കളത്തിലെ കാർമേഘങ്ങൾ ഒഴിഞ്ഞിട്ടുമില്ല.