തൃശൂർ: സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ ആദ്യ സെമിഫൈനൽ പോരാട്ടത്തിന് തൃശൂർ കോർപറേഷൻ സ്റ്റേഡിയം വേദിയാകുന്നു. ഞായറാഴ്ച രാത്രി 7.30ന് നടക്കുന്ന ആവേശകരമായ മത്സരത്തിൽ ആതിഥേയരായ തൃശൂർ മാജിക് എഫ്.സി മലപ്പുറം എഫ്.സിയെ നേരിടും. ലീഗ് ഘട്ടത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ടീമുകളാണ് ആദ്യ സെമിയിൽ മാറ്റുരക്കുന്നത്. ശക്തന്റെ മണ്ണിൽ കരുത്തു കാട്ടാൻ തൃശൂർ മാജിക്കും, മാന്ത്രികരെ വീഴ്ത്തി ഫൈനൽ ഉറപ്പിക്കാൻ മലപ്പുറം എഫ്.സിയും ഒരുങ്ങിക്കഴിഞ്ഞു.
ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് കാഴ്ചവെച്ചത്. ആദ്യ മത്സരത്തിൽ മലപ്പുറത്തിനായിരുന്നു ജയമെങ്കിൽ രണ്ടാം മത്സരത്തിൽ വിജയം തിരിച്ചുപിടിച്ച് തൃശൂർ കണക്കുതീർത്തു. ലീഗിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധനിരയുമായാണ് തൃശൂർ മാജിക് കളത്തിലിറങ്ങുന്നത്. 10 മത്സരങ്ങളിൽ നിന്നായി വെറും ഏഴ് ഗോളുകൾ മാത്രമാണ് ടീം വഴങ്ങിയത്. ക്യാപ്റ്റൻ മെയ്ൽസൺ ആൽവസ് നയിക്കുന്ന പ്രതിരോധമാണ് തൃശൂരിന്റെ പ്രധാന കരുത്ത്.
മെയ്ൽസണിനൊപ്പം സെന്റർ ബാക്കായി തേജസ്സ് കൃഷ്ണയും വിങ് ബാക്കുകളിലായി ബിബിൻ അജയനും മുഹമ്മദ് ജിയാദും അണിനിരക്കുമ്പോൾ മലപ്പുറം മുന്നേറ്റനിര വിയർക്കും. സീസണിൽ എട്ട് ഗോളുകളുമായി ഗോൾവേട്ടക്കാരിൽ ഒന്നാമതുള്ള ബ്രസീലിയൻ സ്ട്രൈക്കർ ജോൺ കെന്നഡിയിലാണ് മലപ്പുറത്തിന്റെ പ്രധാന പ്രതീക്ഷ. അവസാന മത്സരത്തിൽ ഫോഴ്സ കൊച്ചിക്കെതിരെ കെന്നഡിയുടെ ഹാട്രിക് ഗോൾ പ്രകടനമാണ് മലപ്പുറത്തിന് സെമി ബർത്ത് ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്.
എന്നാൽ, അവസാന മത്സരത്തിനിടെ താരത്തിനേറ്റ ചെറിയ പരിക്ക് മലപ്പുറം ക്യാമ്പിൽ നേരിയ ആശങ്ക പടർത്തുന്നുണ്ട്. കെന്നഡി കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അതേസമയം, സ്റ്റാർ സ്ട്രൈക്കർ റോയ് കൃഷ്ണ കൂടി ഗോൾ സ്കോറിങ് ഫോമിലേക്കെത്തിയാൽ തൃശൂർ പ്രതിരോധം വിയർക്കും. രണ്ടാം സെമി ബുധനാഴ്ച നടക്കും. കാലിക്കറ്റ് എഫ്.സിക്ക് ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സാണ് എതിരാളികൾ.
