സൂപ്പർ ലീഗ് കേരളയിൽ വെള്ളിയാഴ്ച തൃശൂർ മാജിക് എഫ്.സിയെ നേരിടുന്ന മലപ്പുറം എഫ്.സി ടീം അവസാനവട്ട പരിശീലനത്തിൽ
മഞ്ചേരി: സൂപ്പർ ലീഗ് കേരള രണ്ടാം സീസണിൽ മലപ്പുറം എഫ്.സിയുടെ ആദ്യമത്സരം വെള്ളിയാഴ്ച നടക്കും. വൈകീട്ട് 7.30ന് ഹോം ഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. തൃശൂർ മാജിക് എഫ്.സിയാണ് എതിരാളികൾ. ആദ്യ സീസണിൽ സെമി കാണാതെ പുറത്തായ ഇരുടീമുകളും ഇത്തവണ ഒരുങ്ങിത്തന്നെയാണ്.
സ്പാനിഷ് പരിശീലകൻ മിഗ്വേൽ കോറൽ ടൊറൈറയുടെ തന്ത്രങ്ങളുമായാണ് മലപ്പുറം ഇറങ്ങുന്നത്. ടീമിന് കരുത്തായി ഐ.എസ്.എല്ലിൽ ഗോളടിച്ചുകൂട്ടിയ ഒഡിഷ എഫ്.സി താരം റോയ് കൃഷ്ണയും ഒപ്പമുണ്ട്. പ്രതിരോധത്തിന് കരുത്തുപകരാൻ കേരള പൊലീസ് താരം സഞ്ജുവും ആദ്യ സീസണിൽ കാലിക്കറ്റിനെ കിരീടത്തിലേക്കു നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച തിരൂർ സ്വദേശി അബ്ദുൽ ഹക്കുവും പ്രതിരോധത്തിൽ മതിൽകെട്ടും.
കഴിഞ്ഞ സീസണിൽ ടീമിനായി മികച്ച പ്രകടനം നടത്തിയ ഫസലുറഹ്മാൻ, കണ്ണൂർ വാരിയേഴ്സിനുവേണ്ടി കളത്തിലിറങ്ങിയ യുവ മുന്നേറ്റതാരം അക്ബർ സിദ്ദീഖ്, കാലിക്കറ്റ് എഫ്.സിക്കായി കഴിഞ്ഞ സീസണിൽ നാലു ഗോൾ നേടിയ ഗനി അഹമ്മദ് നിഗം, ബ്ലാസ്റ്റേഴ്സ് യുവതാരം റിഷാദ് ഗഫൂർ എന്നിവരും ആദ്യ ഇലവനിലുണ്ടാകുമെന്നാണ് വിവരം.
സ്പാനിഷ് സെന്റർ ബാക്ക് ഐറ്റർ അൽദാലൂർ, ബ്രസീലിയൻ യുവതാരം ജോൺ കെന്നഡി, മധ്യനിരയിൽ കരുത്തുപകരാൻ അർജന്റീനിയൻ താരം ഫക്കുണ്ടോ ബല്ലാർഡോ, താജികിസ്താൻ താരം കമ്രോൺ തുർസനോവ് എന്നിവരാണ് ടീമിന്റെ വിദേശതാരങ്ങൾ. പയ്യനാടിന്റെ ഈസ്റ്റ് ഗാലറിയിൽ ആരവം തീർക്കാൻ മലപ്പുറത്തിന്റെ ആരാധക കൂട്ടായ്മ ‘അൾട്രാസും’ തയാറായിക്കഴിഞ്ഞു.
റഷ്യയിൽനിന്നുള്ള ആന്ദ്രെ ചെർണിഷോവാണ് തൃശൂർ മാജിക് എഫ്.സിയുടെ കോച്ച്. മുൻ ഇന്ത്യൻ താരം ജോപോൾ അഞ്ചേരി അസി. കോച്ചായി ടീമിനൊപ്പമുണ്ട്. ഐ.എസ്.എൽ താരം ലക്ഷ്മികാന്ത് കട്ടിമണിയാകും ഗോൾവലക്കു മുന്നിൽ. ഐ ലീഗ് താരം മാർകസ് ജോസഫ് നയിക്കുന്ന മുന്നേറ്റം മലപ്പുറത്തിന് തലവേദനയാകും.
ഐ.എസ്.എല്ലിൽ എ.ടി.കെ മോഹൻ ബഗാൻ, ബംഗളൂരൂ എഫ്.സി, ഹൈദരാബാദ് എഫ്.സി എന്നീ ടീമുകൾക്കായി കളിമെനഞ്ഞ ലെനി റോഡ്രിഗസും മധ്യനിരയിൽ തൃശൂർ ഗഡികൾക്കുവേണ്ടി ബൂട്ടുകെട്ടും. കഴിഞ്ഞ സീസണിൽ ടീമിനൊപ്പമുണ്ടായിരുന്ന ബ്രസീലിയൻ താരം മെയിൽസൺ ആൽവസും ഇത്തവണയും തൃശൂരിനായി ജഴ്സിയണിയും. ആറു ടീമുകളുള്ള ലീഗിൽ ആദ്യ സീസണിൽ അവസാന സ്ഥാനക്കാരായ തൃശൂർ ഇത്തവണ കരുത്ത് തെളിയിക്കാനുള്ള പുറപ്പാടിലാണ്.