കണ്ണൂർ: അവസാന സെക്കൻഡുകളിലെ പിഴവിൽ വെള്ളിയാഴ്ച തൃശൂർ മാജിക് എഫ്.സിയോട് കൈവിട്ടു പോയ വിജയം തേടി കണ്ണൂർ വാരിയേഴ്സ് സ്വന്തം തട്ടകത്തിൽ ഇന്ന് വീണ്ടും പന്ത് തട്ടുന്നു. ഇത്തവണ ജവഹർ സ്റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസാണ് എതിരാളികൾ.
രാത്രി 7.30നാണ് മത്സരം. സീസണിലെ ആദ്യ പോരാട്ടത്തിൽ കൊമ്പൻസിന്റെ വേദിയിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ചു കയറിയതിന്റെ ആത്മവിശ്വാസവുമായി വാരിയേഴ്സ് പോരിനിറങ്ങുമ്പോൾ ആ തോൽവിക്ക് കണക്ക് തീർക്കുകയാണ് കൊമ്പൻസിന്റെ ലക്ഷ്യം.
സ്വന്തം തട്ടകത്തിൽ കാണികളുടെ നിറപിന്തുണയുമായി പന്ത് തട്ടുന്ന വാരിയേഴ്സിന് ജയത്തിൽ കുറഞ്ഞ ലക്ഷ്യമില്ല. അതേസമയം സെമി ഫൈനൽ സ്വപ്നം കാണണമെങ്കിൽ തുടർ വിജയങ്ങൾ വേണമെന്ന നിലയില്ലാക്കയത്തിലാണ് തലസ്ഥാന നഗരിക്കാർ. ആദ്യ പാദത്തിലെ അഞ്ച് മത്സരങ്ങള്‍ പൂർത്തിയാക്കിയ കണ്ണൂർ രണ്ട് ജയവും മൂന്ന് സമനിലയുമായി ഒമ്പത് പോയന്റുമായി ലീഗിൽ നാലാമതാണ്. തിരുവനന്തപുരത്തിന് അഞ്ച് മത്സരങ്ങളില്‍നിന്ന് ഒരുജയവും ഒരുസമനിലയും മൂന്ന് തോല്‍വിയുമായി നാല് പോയന്റ് മാത്രമാണുള്ളത്.
നീണ്ട ഇടവേളക്ക് ശേഷം വിരുന്നെത്തിയ ഫുട്ബാൾ മേളയെ കൈനീട്ടി സ്വീകരിച്ച കണ്ണൂരിലെ കളിക്കമ്പക്കാർ കളിക്കളത്തിൽ വാരിയേഴ്സിന് പ്രചോദനമാവും. സംഘാടകരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് ഗാലറികളിൽ ആവേശത്തിന്റെ പ്രകമ്പനം തീർക്കുന്നവരെ നിരാശരാക്കാൻ വാരിയേഴ്സിനു മാവില്ല. തൃശൂർ മാജിക് എഫ്.സിക്കെതിരെ ഉജ്ജ്വലമായി കളിച്ചിട്ടും അവസാന നിമിഷം സമനില വഴങ്ങേണ്ടി വന്നതിന്റെ നിരാശ കൂടി തീർക്കാനാവും അവരുടെ ശ്രമം.
കളം നിറഞ്ഞ് കളിച്ച് അവസരങ്ങൾ സൃഷ്ടിക്കുമ്പോഴും ഉന്നം പിഴക്കുന്നതാണ് വാരിയേഴ്സ് ദൗർബല്യം. കളിപൂരം ഗോളടികളുടെ അമിട്ടുകൾ പൊട്ടുന്നതായാൽ വിജയം അവർക്കൊപ്പമാവും. അവസാന മിനിറ്റുകളിൽ പ്രത്യാക്രമണങ്ങളുടെ സമർദ്ദം നേരിടുന്നതിൽ പ്രതിരോധനിര ജാഗ്രത കാണിക്കുക കൂടി ചെയ്യേണ്ടതുണ്ട്.
തൃശൂരിനെതിരെ 3-4-3 രീതി പരീക്ഷിച്ച പരിശീലകന്‍ മാനുവല്‍ സാഞ്ചസ് അതേ തന്ത്രമാവും ഇന്നും തുടരുക. മുൻ നിരയിൽ നായകൻ അഡ്മിറനോയും കണ്ണൂരുകാരനായ മുഹമ്മദ് സിനാനും വേഗം കൊണ്ടും പന്തടക്കം കൊണ്ടും ഏത് പ്രതിരോധവും തച്ചുതകർക്കാൻ പോന്നവരാണ്. മധ്യനിരയിൽ ലവ് സാംബയും എബിൻ ദാസും ഷിബിനും അസിയർ ഗോമസും ഒന്നാന്തരമായി കയറിയിറങ്ങി കളിക്കുന്നവർ. ഗോളി ഉബൈദും പിൻ നിരയിൽ മനോജ് കണ്ണനും ഗോകുലും കരുത്തറിയിച്ചവർ.
ആദ്യ സീസണില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കൊമ്പന്‍സിന്റെ ക്യാപ്റ്റന്‍ പാട്രിക്ക് മോട്ട ഫോമിലെത്താത്തത് ഇത്തവണ ടീമിന്റെ മൊത്തം പ്രകടനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇടതു വിങ്ങില്‍ ബ്രസീലിയര്‍ താരം റൊണാൾഡ് ഒറ്റപ്പെട്ട നീക്കങ്ങളിലൂടെ എതിരാളികൾക്ക് തലവേദന സൃഷ്ടിക്കുന്നുണ്ടെങ്കിലും കളിക്കാരുടെ സ്ഥിരതയില്ലായ്മയും ടീമിനെ അലട്ടുന്നു. മികച്ച ഫോമിലുള്ള ഗോള്‍ കീപ്പര്‍ ആര്യനാണ് പലപ്പോഴും ടീമിന്റെ രക്ഷക്കെത്തുന്നത്. പാട്രിക്ക് മോട്ടക്കൊപ്പം അസറും ഔട്ടമെര്‍ ബിസ്‌പോയും താളം കണ്ടെത്തിയാൽ ആതിഥേയരോട് ഒരു കൈനോക്കാവുന്നവരാണ് കൊമ്പൻസ്. എങ്ങനെയായാലും കാൽപന്ത് കളിയുടെ മികവാർന്ന വിസ്മയ കാഴ്ചകളിലേക്ക് ഒരിക്കൽ കൂടി കണ്ണയക്കുകയാണ് കണ്ണൂർ.
വൈകീട്ട് അഞ്ചു മുതൽ പ്രവേശനം
മത്സരം കാണാനെത്തുന്നവര്‍ ടിക്കറ്റുമായി വൈകീട്ട് അഞ്ച് മുതല്‍ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിക്കാം. തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതലായാണ് നേരത്തെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.
7.15ന് സ്റ്റേഡിയത്തിലെ പ്രവേശന ഗെയിറ്റുകള്‍ അടക്കും. അതിനാല്‍ നേരത്തെ എല്ലാവരും സ്റ്റേഡിയത്തിലെത്താന്‍ ശ്രമിക്കണമെന്ന് ക്ലബ് അറിയിച്ചു. സ്റ്റേഡിയത്തിന് ചുറ്റും വിവിധ സൈന്‍ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. അതുവഴി കളികാണാനെത്തുന്നവര്‍ക്ക് ഗെയിറ്റുകള്‍ കണ്ടെത്താന്‍ സാധിക്കും. ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തേക്ക് മാത്രമായിരിക്കും പ്രവേശനം. വി.വി.ഐ.പി, വി.ഐ.പി ടിക്കറ്റുള്ളവര്‍ കണ്ണൂര്‍ ജില്ല സഹകരണ ബാങ്കിന് എതിര് വശത്തെ ഗെയിറ്റ് നമ്പര്‍ ഒന്നിലൂടെയാണ് സ്റ്റേഡിയത്തില്‍ പ്രവേശിക്കേണ്ടത്.
മറൈനേഴ്സ് ഫോര്‍ട്ട് ടിക്കറ്റുള്ളവര്‍ ഗെയിറ്റ് നമ്പര്‍ രണ്ടിലൂടെയും കിംസ് പ്രീമിയം ടിക്കറ്റുള്ളര്‍ ഗേയിറ്റ് മൂന്നിലൂടെയും എ.ബി.സി ഗ്യാലറി ടിക്കറ്റുള്ളര്‍ ഗേയിറ്റ് നമ്പര്‍ മൂന്ന്, നാല് വഴി അകത്തേക്ക് പ്രവേശിക്കാം. വെര്‍ട്ടൈല്‍ ഡിലക്സ് ടിക്കറ്റുകാരും ഗേയിറ്റ് നമ്പര്‍ നാലിലൂടെയാണ് പ്രവേശിക്കേണ്ടത്. ഡി.ഡി.സി പാത്ത്ലാബ്സ് പ്രീമിയം, അസറ്റ് ഗാലറി ടിക്കറ്റുള്ളവര്‍ ഏഴാം നമ്പര്‍ ഗെയിറ്റ് വഴിയും നിക്ഷാന്‍ ഡീലക്സ് ടിക്കറ്റുകാര്‍ ആറാം നമ്പര്‍ ഗേയിറ്റിലൂടെയുമാണ് പ്രവേശിക്കേണ്ടത്.
