തിരുവനന്തപുരം: സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ ആദ്യ മത്സരം നേരിടാനായി തിരുവനന്തപുരം കൊമ്പൻസ് എഫ്.സി ഒരുങ്ങിയിരിക്കുകയാണ്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്.സിക്കെതിരെയാണ് കൊമ്പൻസ് കളത്തിലിറങ്ങുന്നത്. ക്യാപ്റ്റനായ പാട്രിക്ക് മോട്ടയും മറ്റു കൊമ്പന്മാരും സീസണിലെ ആദ്യ വിജയമാണ് ലക്ഷ്യമിടുന്നത്.
മുൻ സീസണിലെ കണ്ണൂർ വാരിയേഴ്സുമായുള്ള മത്സരം 2-1 എന്ന നിലയിൽ കൊമ്പൻസിന്റെ കോർട്ടിലേക്ക് ചാഞ്ഞതിൽ നിർണായകമായ ഓട്ടമെറിന്റെ തകർപ്പൻ ഗോളിന്റെ ആവേശം ആരാധകർക്ക് കെട്ടടങ്ങിയിട്ടില്ല. ഇക്കൊല്ലവും കൊമ്പൻസിൽ ആറ് ബ്രസീലിയൻ കളിക്കാരാണുള്ളത്. ക്യാപ്റ്റൻ പാട്രിക് മോട്ടയും സ്ട്രൈക്കർ ഓട്ടമർ ബിസ്പോയും മുൻ സീസണിലെ സാന്നിധ്യമാണ്. ബിസ്പോ, പൗലോ വിക്ടർ, റൊണാൾഡ് മകാലിസ്റ്റൻ എന്നിവരാണ് ഇത്തവണത്തെ പ്രധാന സ്ട്രൈക്കർമാർ. ആരാധകർ ഉറ്റുനോക്കുന്നത് ലോക്കൽ താരങ്ങളായ വിഘ്നേഷ് മരിയയെയും ഫെമിൻ ആന്റണിയെയുമാണ്.