കണ്ണൂര്‍: ആദ്യ സീസണില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാന്‍ വെടിക്കോപ്പുകളുമായി കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്ബാള്‍ ക്ലബിന്റെ വരവ്. സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണുള്ള കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ ഒഫീഷ്യല്‍ ടീം പ്രഖ്യാപനവും ജേഴ്‌സി അവതരണവും നടന്നു. പ്രശസ്ത ഫുട്‌ബോള്‍ കമന്റേറ്റര്‍ ഷൈജു ദാമോദരന്‍ ടീം അംഗങ്ങളെ അവതരിപ്പിച്ചു.
പ്രശസ്ത സിനിമ താരവും ക്ലബിന്റെ സെലിബ്രറ്റി പാര്‍ട്ട്ണറുമായ ആസിഫ് അലിയും ക്ലബ് ഭാരവാഹികളും ചേര്‍ന്ന് ജേഴ്‌സി പ്രകാശനം നിര്‍വഹിച്ചു. കണ്ണൂര്‍ക്കാരന്‍ ഗോള്‍ കീപ്പര്‍ സി.കെ. ഉബൈദ്, സ്പാനിഷ് സ്‌ട്രൈക്കര്‍ അഡ്രിയാന്‍ സര്‍ഡിനേറോ, കാമറൂണ്‍ താരം എണസ്റ്റീന് ലാവ്സാംബ എന്നിവരെ പൂതിയ സീസണിലെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു.
ക്ലബ് ചെയര്‍മാന്‍ ഡോ. ഹസ്സന്‍ കുഞ്ഞി, ഡയറക്ടര്‍മാരായ കെ.എം. വര്‍ഗീസ്, മിബു ജോസ് നെറ്റിക്കാടന്‍, സി.എ. മുഹമ്മദ് സാലിഹ്, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍, ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍, സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ജുവല്‍ ജോസ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ടീം സ്‌ക്വാഡ്:
ഗോള്‍കീപ്പര്‍: സി.കെ. ഉബൈദ്, വി. മിഥുന്‍, ടി. അല്‍കെഷ് രാജ്. ഡിഫന്‍ഡര്‍: നിക്കോളാസ് ഡെല്‍മോണ്ടേ (അര്‍ജന്റീന), സച്ചിന്‍ സുനി, സന്ദീപ് എസ്, വികാസ് സൈനി, മനോജ് എസ്, അശ്വിന്‍ കുമാര്‍, പവന്‍ കുമാര്‍, ബാസിത്ത് പിപി, ഷിബിന്‍ സാദ് എം. മിഡ്ഫീല്‍ഡര്‍: അസിയര്‍ ഗോമസ് (സ്പെയിന്‍), എണസ്റ്റീന് ലാവ്സാംബ (കാമറൂണ്‍), നിദാല്‍ സൈദ് (ടുണീഷ്യ), ആസിഫ് ഒ.എം., അജയ് കൃഷ്ണന്‍ കെ, എബിന്‍ ദാസ്, മുഹമ്മദ് നാസിഫ്. ഫോര്‍വേര്‍ഡ്: അഡ്രിയാന്‍ സാര്‍ഡിനെറോ (സ്പെയിന്‍), അബ്ദുകരീം സാംബ (സെനഗല്‍), ഗോകുല്‍ എസ്, മുഹമ്മദ് സനാദ്, ഷിജിന്‍ ടി, അര്‍ഷാദ്, അര്‍ജുന്‍, മുഹമ്മദ് സിനാന്‍. പരിശീലകര്‍: മാനുവല്‍ സാഞ്ചസ് (സ്പെയിന്‍, മുഖ്യപരിശീലകന്‍), ഷഫീഖ് ഹസ്സന്‍ മഠത്തില്‍ (സഹപരിശീലകന്‍), എല്‍ദോ പോള്‍ (ഗോള്‍കീപ്പര്‍ പരിശീലകന്‍).
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യമായി കളികാണാം
സൂപ്പര്‍ ലീഗ് കേരളയിലെ കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ നടക്കുന്ന കണ്ണൂര്‍ മുന്‍സിപ്പിള്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ വനിതകള്‍ക്കും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഗ്യാലറിയില്‍ സൗജന്യമായി കളികാണാം. പയ്യാമ്പലം ബീച്ചില്‍ വെച്ച നടന്ന ടീം പ്രഖ്യാപനവും ജേഴ്‌സി അവതരിപ്പിക്കുന്ന ചടങ്ങില്‍ ക്ലബ് ചെയര്‍മാന്‍ ഡോ. ഹസ്സന്‍ കുഞ്ഞിയാണ് പ്രഖ്യാപിച്ചത്. ലീഗ് മത്സരങ്ങള്‍ക്കായിരിക്കും സൗജന്യം.
