സൂപ്പർ ലീഗ് കേരള ഫുട്ബാൾ മത്സരങ്ങൾ നടക്കുന്ന കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയം
കോഴിക്കോട്: സൂപ്പർ ലീഗ് കേരള രണ്ടാം സീസണിന് വ്യാഴാഴ്ച പന്തുരുളും. വൈകീട്ട് ആറിന് കോർപറേഷൻ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ഉദ്ഘാടന പരിപാടിയിൽ വേടൻ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറുമ്പോൾ സൂപ്പർ ലീഗ് കേരള രണ്ടാം പതിപ്പിന്റെ ഗ്രാൻഡ് കിക്കോഫാകുമത്.
ക്ലബ് ഉടമകളും സിനിമ താരങ്ങളും രാഷ്ട്രീയ നേതാക്കളും കേരള ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികളും പങ്കെടുക്കും. ഉദ്ഘാടന മത്സരം രാത്രി എട്ടിന് ആരംഭിക്കും. പ്രഥമ സീസണിൽ കളിച്ച കണ്ണൂർ വാരിയേഴ്സ് എഫ്.സി, കാലിക്കറ്റ് എഫ്.സി, മലപ്പുറം എഫ്.സി, തൃശൂർ മാജിക് എഫ്.സി, ഫോഴ്സ എഫ്.സി, തിരുവനന്തപുരം കൊമ്പൻസ് എഫ്.സി ടീമുകളാണ് രണ്ടാം സീസണിലും പോരാട്ടത്തിനിറങ്ങുന്നത്. വിദേശ ലീഗുകളിലും ഇന്ത്യൻ സൂപ്പർ ലീഗിലും മികവ് തെളിയിച്ച നിരവധി കളിക്കാർ ബൂട്ടുകെട്ടുന്നുണ്ട്.
150 ഇന്ത്യൻ താരങ്ങളും 36 വിദേശ താരങ്ങളുമാണ് കളിക്കാനിറങ്ങുന്നത്. ഇതിൽ 100 പേർ മലയാളി താരങ്ങളാണ്. ലൂയിസ് എയ്ഞ്ചൽ റോഡ്രിഗസ് (ഫോഴ്സ കൊച്ചി), റോയ് കൃഷ്ണ, ജോൺ കെന്നഡി (മലപ്പുറം എഫ്.സി), സെബാസ്റ്റ്യൻ ലുക്കാമി (കാലിക്കറ്റ് എഫ്.സി), മെയിൽസൻ അൽവേസ് (തൃശൂർ എഫ്.സി), അഡ്രിയാൻ സെർദിനെറോ (കണ്ണൂർ വാരിയേഴ്സ്), പാട്രിക് മോട്ട (തിരുവനന്തപുരം കൊമ്പൻസ്) തുടങ്ങിയവർ ലീഗിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ മികവുള്ള വിദേശ താരങ്ങളാണ്.
സലാം രഞ്ജൻ സിങ് (തിരുവനന്തപുരം കൊമ്പൻസ്), മൈക്കൽ സൂസയ്രാജ് (ഫോഴ്സ കൊച്ചി), ഗനി അഹമ്മദ് നിഗം (മലപ്പുറം എഫ്.സി), പ്രശാന്ത് കെ (കാലിക്കറ്റ് എഫ്.സി), ലെനി റോഡ്രിഗസ് (തൃശൂർ മാജിക് എഫ്.സി) ഉൾപ്പെടെ ഇന്ത്യൻ ഫുട്ബാളിൽ തിളങ്ങിയവരും അങ്കത്തിനിറങ്ങും. മലപ്പുറം എഫ്.സിയുടെ സ്പാനിഷ് പരിശീലകൻ മിഗ്വേൽ കോറൽ ടൊറൈറ, തൃശൂർ മാജിക് എഫ്.സിയുടെ റഷ്യൻ പരിശീലകൻ ആന്ദ്രേ ചെർണിഷോവ് തുടങ്ങിയ വമ്പൻ പരിശീലകർ തമ്മിലുള്ള പോരാട്ടത്തിനും സൂപ്പർ ലീഗ് സാക്ഷ്യം വഹിക്കും.
‘‘കഴിഞ്ഞ സീസണിൽ 94 മലയാളി താരങ്ങളാണ് കളിച്ചത്. ഇത്തവണ 100 ആയി. ഈ രീതിയിൽ മുന്നോട്ടുപോകാൻ സാധിച്ചാൽ സമീപഭാവിയിൽ തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബാൾ ടാലന്റ് പൂളായി കേരളം മാറും’’ -സൂപ്പർ ലീഗ് കേരള എം.ഡി ഫിറോസ് മീരാൻ പറഞ്ഞു. കേരളത്തിലെ യുവതാരങ്ങൾക്ക് വളർന്നുവരാൻ ലഭിക്കുന്ന ഏറ്റവും മികച്ച അവസരമാണിത്. ഒക്ടോബർ രണ്ടു മുതൽ കേരള ഫുട്ബാളിന്റെ ഉത്സവകാലം വീണ്ടും തുടങ്ങുകയാണ് -സി.ഇ.ഒ മാത്യു ജോസഫ് പറഞ്ഞു. മത്സരങ്ങൾ സോണി സ്പോർട്സ് നെറ്റ്വർക് സംപ്രേഷണം ചെയ്യും. സ്പോർട്സ് ഡോട്ട് കോം ആണ് ലോകമെമ്പാടും സൗജന്യമായി ലൈവ് സ്ട്രീമിങ് നടത്തുന്നത്.