സൂപ്പർ ലീഗ് കേരള; കാലിക്കറ്റ്‌ എഫ്.സി- കണ്ണൂർ വാരിയേഴ്‌സ് മത്സരം സമനിലയിൽ, 1-1


കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സൂ​പ്പ​ർ ലീ​ഗ് കേ​ര​ള മ​ത്സ​ര​ത്തി​ൽ ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് എ​ഫ്.​സി​ക്കെ​തി​രെ ഗോ​ൾ നേ​ടി​യ കാ​ലി​ക്ക​റ്റ് എ​ഫ്.​സി താ​രം മു​ഹ​മ്മ​ദ് അ​ർ​ഷാ​ഫി​ന്റെ ആ​ഹ്ലാ​ദം 

കോ​ഴി​ക്കോ​ട്: മ​ല​ബാ​റു​കാ​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ സൂ​പ്പ​ർ ലീ​ഗ് കേ​ര​ള നാ​ലാം റൗ​ണ്ടി​ൽ കാ​ലി​ക്ക​റ്റ്‌ എ​ഫ്.​സി​യും ക​ണ്ണൂ​ർ വാ​രി​യേ​ഴ്‌​സ് എ​ഫ്.​സി​യും സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ഇ​രു​ടീ​മു​ക​ളും ഓ​രോ ഗോ​ള്‍ വീ​തം നേ​ടി.

ക​ളി​യു​ടെ അ​വ​സാ​നം​വ​രെ പൊ​രു​തി​ക്ക​ളി​ച്ച ഇ​രു​ടീ​മു​ക​ളും വി​ജ​യം സ്വ​പ്നം ക​ണ്ടെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഒ​രു ചു​വ​പ്പ് കാ​ർ​ഡും ര​ണ്ട് ഗോ​ളു​ക​ളും ക​ണ്ട മ​ത്സ​ര​ത്തി​ൽ കാ​ലി​ക്ക​റ്റി​നാ​യി മു​ഹ​മ്മ​ദ്‌ അ​ർ​ഷാ​ഫ് സ്കോ​ർ ചെ​യ്ത​പ്പോ​ൾ ക​ണ്ണൂ​രി​നാ​യി എ​സി​യ​ർ ഗോ​മ​സ് സ​മ​നി​ല പി​ടി​ച്ചു. നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് തോ​ല്‍വി അ​റി​യാ​തെ ര​ണ്ട് ജ​യ​വും ര​ണ്ട് സ​മ​നി​ല​യു​മാ​യി എ​ട്ട് പോ​യ​ന്റ് നേ​ടി ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. ഒ​രു ജ​യ​വും ഒ​രു തോ​ല്‍വി​യും ര​ണ്ട് സ​മ​നി​ല​യു​മാ​യി അ​ഞ്ച് പോ​യ​ന്റു​മാ​യി കാ​ലി​ക്ക​റ്റ് നാ​ലാ​മ​താ​ണ്. ക​ളി തു​ട​ങ്ങി അ​ഞ്ചാം മി​നി​റ്റി​ൽ ത​ന്നെ എ​ബി​ൻ​ദാ​സി​നെ ഫൗ​ൾ ചെ​യ്ത കാ​ലി​ക്ക​റ്റി​ന്റെ മു​ഹ​മ്മ​ദ്‌ ആ​സി​ഫ് മ​ഞ്ഞ​ക്കാ​ർ​ഡ് ക​ണ്ടു. ബോ​ക്സി​ന് തൊ​ട്ടു​പു​റ​ത്തു നി​ന്ന് ക​ണ്ണൂ​രി​ന് ല​ഭി​ച്ച ഫ്രീ​കി​ക്ക് എ​സി​യ​ർ ഗോ​മ​സി​ന് മു​ത​ലാ​ക്കാ​നാ​യി​ല്ല. 17ാം മി​നി​റ്റി​ൽ കാ​ലി​ക്ക​റ്റി​ന് അ​നു​കൂ​ല​മാ​യ ഫ്രീ​കി​ക്ക്. അ​ർ​ജ​ന്റീ​ന​ക്കാ​ര​ൻ ഫെ​ഡ​റി​ക്കോ ഹെ​ർ​നാ​ൻ ബോ​സോ​യു​ടെ കി​ക്ക് ക്രോ​സ് ബാ​റി​ന് മു​ക​ളി​ലൂ​ടെ പ​റ​ന്നു.

28 ാം മി​നി​റ്റി​ലാ​ണ് അ​ർ​ഷാ​ഫി​ലൂ​ടെ കാ​ലി​ക്ക​റ്റ് ലീ​ഡ് നേ​ടി​യ​ത്. പ്ര​ശാ​ന്ത് എ​ടു​ത്ത കോ​ര്‍ണ​ര്‍ ബോ​ക്‌​സി​ലെ കൂ​ട്ട​പൊ​രി​ച്ചി​ലി​നൊ​ടു​വി​ല്‍ മൂ​ഹ​മ്മ​ദ് അ​ജ്‌​സ​ലി​ന് ല​ഭി​ച്ചു. അ​ജ്‌​സ​ല്‍ ബോ​ക്‌​സി​ന് പു​റ​ത്ത് നി​ന്നി​രു​ന്ന അ​ർ​ഷാ​ഫി​ന് ന​ല്‍കി. താ​രം കൃ​ത്യ​മാ​യി പോ​സ്റ്റി​ലെ​ത്തി​ച്ചു. 38 ാം മി​നി​റ്റി​ല്‍ അ​സി​യ​ര്‍ ഗോ​മ​സി​ലൂ​ടെ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് തി​രി​ച്ച​ടി​ച്ചു.

ഇ​ട​ത് വി​ങ്ങി​ലൂ​ടെ ഓ​വ​ര്‍ ലാ​പ്പ് ചെ​യ്ത് എ​ത്തി​യ മ​നോ​ജ് പ​ന്ത് അ​സി​യ​റി​ന് ന​ല്‍കി. പി​ന്നെ ബോ​ക്‌​സി​ന് തൊ​ട്ടു​മു​മ്പി​ല്‍ നി​ന്നി​രു​ന്ന അ​ഡ്രി​യാ​ന്. അ​ഡ്രി​യാ​നി​ൽ​നി​ന്ന് പ​ന്ത് സ്വീ​ക​രി​ച്ച അ​സി​യ​ര്‍ ഗോ​ല്‍ കീ​പ്പ​റെ ക​ബ​ളി​പ്പി​ച്ച് ഗോ​ളാ​ക്കി. ആ​ദ്യ​പ​കു​തി അ​വ​സാ​നി​ക്കാ​നി​രി​ക്കെ കാ​ലി​ക്ക​റ്റി​ന്റെ ആ​സി​ഫ് ചു​വ​പ്പ് കാ​ർ​ഡ് വാ​ങ്ങി പു​റ​ത്തേ​ക്ക് പോ​യി. അ​ഞ്ചാം മി​നി​റ്റി​ൽ​ത​ന്നെ ആ​ദ്യ മ​ഞ്ഞ​ക്കാ​ർ​ഡ് ല​ഭി​ച്ചി​രു​ന്ന ആ​സി​ഫ് 42ാം മി​നി​റ്റി​ൽ പ​ന്ത് കൈ​കൊ​ണ്ട് ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ റ​ഫ​റി ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡും കാ​ണു​ക​യാ​യി​രു​ന്നു. 55ാം മി​നി​റ്റി​ൽ കാ​ലി​ക്ക​റ്റി​ന് വീ​ണ്ടും മ​ഞ്ഞ​ക്കാ​ർ​ഡ്. എ​തി​ർ​താ​ര​ത്തെ ഇ​ടി​ച്ച​തി​ന് ജോ​നാ​ഥ​ൻ പെ​രേ​ര​ക്ക് നേ​രെ​യാ​ണ് റ​ഫ​റി കാ​ർ​ഡു​യ​ർ​ത്തി​യ​ത്.

76ാം മി​നി​റ്റി​ൽ ഇ​ട​തു​വി​ങ്ങി​ലൂ​ടെ മു​ന്നേ​റി കാ​ലി​ക്ക​റ്റി​ന്റെ ഫെ​ഡ​റി​ക്കോ ഹെ​ർ​നാ​ൻ ബോ​സോ പോ​സ്റ്റി​ലേ​ക്ക് കോ​രി​യി​ട്ട പ​ന്ത് ക്രോ​സ് ബാ​റി​ൽ ത​ട്ടി മ​ട​ങ്ങി. 16000ത്തി​ൽ​പ​രം കാ​ണി​ക​ൾ മ​ത്സ​രം വീ​ക്ഷി​ക്കാ​നെ​ത്തി.

© Madhyamam