കൊച്ചി: സൂപ്പർ ലീഗ് കേരള സീസണിലെ ആദ്യ ജയം ലക്ഷ്യംവെച്ച് ഇറങ്ങിയ ഫോഴ്സ കൊച്ചിയുടെ പ്രതീക്ഷകളെ തകർത്തെറിഞ്ഞ് കണ്ണൂർ വാരിയേഴ്സ് എഫ്.സി. ഏകപക്ഷീയമായ ഒരു ഗോളിനാണ് കണ്ണൂർ, കൊച്ചിയെ തോൽപിച്ചത്. 84ാം മിനിറ്റിൽ സ്പാനിഷ് താരം അഡ്രിയാൻ സെർദിനേറോ നേടിയ ഗോളാണ് കൊച്ചിയുടെ പ്രതീക്ഷകൾക്ക് വിരാമമിട്ടത്.
ടൂർണമെൻറിൽ ഇതുവരെ തോൽവി വഴങ്ങാതെ എത്തിയ കണ്ണൂർ വെള്ളിയാഴ്ച മഹാരാജാസ് ഗ്രൗണ്ടിലും തങ്ങളുടെ ആധിപത്യം തുടരുകയായിരുന്നു. ഇതോടെ മൂന്ന് കളികളിൽ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയൻറുള്ള കണ്ണൂർ പോയൻറ് പട്ടികയിൽ ഒന്നാമതെത്തി. കൊച്ചിയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. നിലവിലെ റണ്ണറപ്പായ ഇവർ പോയന്റൊന്നുമില്ലാതെ അവസാന സ്ഥാനത്താണ്.
മികച്ച അവസരങ്ങളൊന്നും സൃഷ്ടിക്കപ്പെടാതിരുന്ന ആദ്യ പകുതിയിൽ 17ാം മിനിറ്റിലാണ് ആദ്യ മികച്ച അവസരം പിറന്നത്. മധ്യനിരയിൽ നിന്ന് ലഭിച്ച പന്തുമായി ഒറ്റക്ക് മുന്നേറിയ കണ്ണൂരിന്റെ ടി. ഷിജിൻ ബോക്സിന് പുറത്തുനിന്ന് മികച്ച ഒരു ഷോട്ട് പായിച്ചെങ്കിലും കൊച്ചി ഗോൾകീപ്പറുടെ മികച്ച പ്രതികരണം പന്തിനെ വലയിലെത്തിക്കാതെ കാത്തു. രണ്ടാം പകുതിയിലും ആക്രമണ ശൈലി തുടർന്ന കണ്ണൂരിന് 66ാം മിനിറ്റിൽ ലഭിച്ച മികച്ച അവസരം വലയിലെത്തിക്കാൻ സാധിച്ചില്ല.
വലത് വിങ്ങിൽനിന്നുവന്ന ക്രോസ് ഷിജിൻ, പോസ്റ്റിന് സമീപത്തുനിന്ന നിക്കോളാസിന് ഹെഡ് ചെയ്ത് നൽകിയെങ്കിലും താരത്തിന്റെ ഷോട്ട് ഗോൾകീപ്പറുടെ കൈയിലേക്കാണ് പതിച്ചത്. കളി അവസാനിക്കാനിരിക്കെ 84ാം മിനിറ്റിലാണ് ഗോൾ പിറന്നത്. ഇടതുവിങ്ങിൽ നിന്ന് എ. ഗോമസ് നൽകിയ പന്ത് കൃത്യമായി കൊച്ചി വലയിൽ എത്തിക്കുകയായിരുന്നു പകരക്കാരനായി വന്ന അഡ്രിയാൻ സെർദിനേറോ.
