ന്യൂഡൽഹി: രണ്ടു തവണ കൈകളിൽ നിന്ന് വഴുതിപ്പോയ സ്വപ്ന കിരീടത്തിൽ ഒടുവിൽ മുത്തമിട്ട് കേരളം. സുബ്രതോ മുഖർജി അന്താരാഷ്ട്ര സ്കൂൾ ഫുട്ബാൾ ടൂർണമെന്റിൽ മുമ്പ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് രണ്ട് തവണ മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്കൂൾ ഫൈനലിൽ കളിച്ചെങ്കിലും യുക്രെയ്നിലെയും ബ്രസീലിലെയും ടീമുകളോട് തോൽക്കാനായിരുന്നു വിധി.
64 വർഷത്തെ കടം വീട്ടിയത് കോഴിക്കോട് ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ സംഘമാണ്. മുഹമ്മദ് ജസിം അലിയാണ് ടീമിനെ നയിച്ചത്. ഗോകുലം കേരള എഫ്.സി സ്പോൺസർ ചെയ്യുന്ന കേരള ടീമിന്റെ മുഖ്യ പരിശീലകൻ വി.പി. സുനീറാണ്.
ഗോകുലം കേരള എഫ്.സി സ്പോൺസർ ചെയ്ത ടീം അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗം ഫൈനലിൽ മറുപടിയില്ലാത്ത രണ്ട് ഗോളിന് സി.ബി.എസ്.ഇയെ പ്രതിനിധീകരിച്ച ഉത്തരാഖണ്ഡ് അമിനിറ്റി പബ്ലിക് സ്കൂളിനെ തോൽപിച്ചു.
20ാം മിനിറ്റിൽ ജോൺ സേനയിലൂടെ മുന്നിലെത്തി 60ാം മിനിറ്റിൽ ആദി കൃഷ്ണ നേടിയ ഗോളിലൂടെ വിജയം ആധികാരികമാക്കിയ കേരളം ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് നടത്തിയത്. ആകെ 10 ഗോൾ സ്കോർ ചെയ്തപ്പോൾ വഴങ്ങിയത് രണ്ടെണ്ണം മാത്രം. ഡൽഹി, ഛത്തിസ്ഗഢ്, മേഘാലയ എന്നിവർക്കെതിരായ വിജയങ്ങളോടെ ഗ്രൂപ് ചാമ്പ്യന്മാരായാണ് മുഹമ്മദ് ജസീം നയിച്ച കേരളം തുടങ്ങിയത്. ക്വാർട്ടർ ഫൈനലിൽ ലക്ഷദ്വീപിനെ 2-0ത്തിനും സെമി ഫൈനലിൽ മിസോറമിനെ 1-0ത്തിനും തോൽപിച്ചു.
2012ലും ’14ലുമാണ് എം.എസ്.പി ഫൈനൽ കളിച്ചത്. യഥാക്രമം യുക്രെയ്നിലെയും ബ്രസീലിലെയും ടീമുകൾക്ക് മുന്നിൽ പൊരുതി വീണു.
സുബ്രതോ മുഖർജി സ്പോർട്സ് എജ്യൂക്കേഷൻ സൊസൈറ്റി ചെയർമാൻ എയർ ചീഫ് മാർഷൽ എ.പി. സിങ് ട്രോഫി സമ്മാനിച്ചു. ജേതാക്കൾക്ക് അഞ്ച് ലക്ഷം രൂപ സമ്മാനത്തുകയായി ലഭിച്ചു. റണ്ണറപ്പിന് മൂന്ന് ലക്ഷവും തോറ്റ സെമി ഫൈനലിസ്റ്റുകൾക്ക് 75,000 രൂപ വീതവും ക്വാർട്ടർ ഫൈനലിസ്റ്റുകൾക്ക് 40,000 രൂപ വീതവുമാണ് സമ്മാനം.