ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബാൾ ഇതിഹാസം സ്റ്റുവർട്ട് പിയേഴ്സിന്റെ മകൻ ട്രാക്ടർ അപകടത്തിൽമരിച്ചു. 21കാരനായ ഹാർലി പിയേഴ്സാണ് മരിച്ചത്. ട്രാക്ടർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. വിസ്റ്റ്ഷിറിനിലെ കുടുംബവീടിന് സമീപത്തായിരുന്നു അപകടം.
ടാക്ടറിന്റെ ടയർ പൊട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹാർലിയുടെ മരണം ഗോസെറ്റർഷിയർ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മുൻ ഭാര്യ ലിസിലുള്ള രണ്ട് മക്കളിൽ ഒരാളാണ് ഹാർലി. സ്റ്റുവർട്ടും ലിസും തമ്മിലുള്ള ബന്ധം 2013ലാണ് വേർപിരിഞ്ഞത്. സ്വന്തം പിതാവിന്റെ പാത പിന്തുടർന്ന് ഫുട്ബാളിലേക്ക് പോകാതെ സ്വന്തം വഴി കണ്ടെത്തുകയായിരുന്നു ഹാർലി ചെയ്തത്.
ഹാർലി പിയേഴ്സ് അഗ്രികൾച്ചർ സർവീസ് എന്ന പേരിൽ പുതിയ കമ്പനി തുടങ്ങിയാണ് അദ്ദേഹം കരിയറിന് ആരംഭം കുറിച്ചത്. എന്നാൽ, ഹാർലിയും ഒരു കടുത്ത ഫുട്ബാൾ ആരാധകനായിരുന്നു.
നോട്ടിങ്ഹാം ഫോറസ്റ്റ്, വെസ്റ്റഹാം, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ക്ലബുകളിൽ സ്റ്റുവർട്ട് കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ അണ്ടർ 21 ടീമിന്റെ മുഖ്യപരിശീലകനുമായിരുന്നു അദ്ദേഹം.