കോഴിക്കോട്: അർജന്റീനയുടെ കേരളത്തിലേക്കുള്ള പര്യടനം നവംബറിൽ ഇല്ലെന്ന് ഉറപ്പായതോടെ മത്സരം മാറ്റിവെച്ചത് സ്ഥിരീകരിച്ച് സ്പോൺസർമാരായ റിപ്പോർട്ടർ ടി.വി ബ്രോഡ്കാസ്റ്റിങ് മേധാവി ആന്റോ അഗസ്റ്റിൻ.
നവംബറിലെ വിൻഡോയിൽ കേരളത്തിലേക്കില്ലെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനു പിന്നാലെ ഫേസ് ബുക് പോസ്റ്റിലൂടെയാണ് സ്പോൺസർമാർ ഇക്കാര്യം വ്യക്തമാക്കിയത്.
ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റി വയ്ക്കാൻ എ.എഫ്.എയുമായുള്ള ചർച്ചയിൽ ധാരണയായെന്നും, അടുത്ത വിൻഡോയിൽ കേരളത്തിൽ കളിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രഖ്യാപനം ഉടനുണ്ടാവുമെന്നും ആന്റോ അഗസ്റ്റിൻ വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രിയോടെയാണ് അർജന്റീന ഫുട്ബാൾ അസോസിയേഷൻ നവംബറിലെ മത്സര ഷെഡ്യൂൾ പ്രഖ്യാപിച്ചത്. 14ന് അംഗോളക്കെതിരെ മാത്രമാണ് കളിക്കുന്നത്.
നവംബർ 17ന് കൊച്ചിയിൽ കളിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. നവംബറിൽ സ്പെയിനിലേക്കാവും അർജന്റീന ആദ്യം പോവുക.
സ്പെയിനിൽ അർജന്റീനക്ക് പരിശീലനമുണ്ട്. അതിന് ശേഷം അംഗോള തലസ്ഥാനമായ ലുവാണ്ടിയിൽ വെച്ച് സൗഹൃദമത്സരം കളിക്കും. ശേഷം സ്പെയിനിലേക്ക് തിരിച്ചെത്തുന്ന അർജന്റീന നവംബർ 18 വരെ പരിശീലനം തുടരും. നവംബർ 18 വരെയാണ് സൗഹൃദമത്സരങ്ങൾക്കായി ഫിഫയുടെ വിൻഡോയുള്ളത്.
അർജന്റീനയുടെ എതിരാളിയായി കേരളത്തിൽ കളിക്കുമെന്ന് പ്രഖ്യാപിച്ച ആസ്ട്രേലിയയും നവംബർ ഫിഫ വിൻഡോയിലെ ഷെഡ്യുളുകൾ പ്രഖ്യാപിച്ചു. നവംബറിൽ മത്സരങ്ങൾക്കായി ആസ്ട്രേലിയ യു.എസിലേക്കാവും പറക്കുക. വെനസ്വേലക്കെതിരെ നവംബർ 14നാണ് ആസ്ട്രേലിയയുടെ ആദ്യമത്സരം. നവംബർ 18ന് കൊളംബിയക്കെതിരെയാണ് രണ്ടാം മത്സരം.
നവംബർ 18 വരെയുള്ള ഫിഫ വിൻഡോക്ക് ശേഷം ഈ വർഷം അന്താരാഷ്ട്ര മത്സര ഷെഡ്യുളുകളില്ല. 2026 മാർച്ച് 23 മുതൽ 31 വരെയും, ലോകകപ്പിന് മുന്നോടിയായി ജൂൺ ഒന്ന് മുതൽ ഒമ്പത് വരെയുമാണ് ഇനിയുള്ള വിൻഡോകൾ. മാർച്ചിൽ ഫൈനലിസിമ പോരാട്ടത്തിൽ അർജന്റീനയും സ്പെയിനും തമ്മിൽ മത്സരമുണ്ട്. ലോകകപ്പിന് മുമ്പായി പ്രധാന സന്നാഹ മത്സരങ്ങളും ടീം കളിക്കും. സാങ്കേതികമായി ഇതിനിടയിൽ ഇന്ത്യയിലേക്കൊരു സൗഹൃദ മത്സര സാധ്യത കുറവാണെന്ന് ഫുട്ബാൾ നിരീക്ഷകർ വിലയിരുത്തുന്നു.
കൊച്ചിയിലെ സ്റ്റേഡിയം മത്സര സജ്ജമല്ലെന്നതിന്റെ അടിസ്ഥാനത്തിൽ നവംബർ 17ലെ മത്സരത്തിന് ഫിഫ അനുമതി നൽകിയില്ലെന്നാണ് സൂചന.
