സീസൺ അവസാനത്തോടെ അൽ-ഹിലാൽ വിടാനൊരുങ്ങി സിമോൺ ഇൻസാഗി: റിപ്പോർട്ടുകൾ


അൽ-ഹിലാൽ പരിശീലകസ്ഥാനം ഒഴിയാനൊരുങ്ങി സിമോൺ ഇൻസാഗി

സൗദി ക്ലബ് അൽ-ഹിലാലിന്റെ പരിശീലക സ്ഥാനത്തുനിന്ന് സിമോൺ ഇൻസാഗി ഒരു സീസണിന് ശേഷം പടിയിറങ്ങുമെന്ന് ടൂട്ടോമെർകാറ്റോവെബ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ വേനൽക്കാലത്താണ് ഇന്റർ മിലാൻ വിട്ട് ഈ ഇറ്റാലിയൻ പരിശീലകൻ ബ്ലൂ വേവ്‌സിൽ എത്തിയത്. പ്രതിവർഷം 26 ദശലക്ഷം യൂറോ പ്രതിഫലം ലഭിക്കുന്ന രണ്ട് വർഷത്തെ കരാറിലായിരുന്നു അദ്ദേഹം ഒപ്പുവെച്ചത്.

ക്ലബ്ബിലെ ഉടമസ്ഥാവകാശത്തിലുണ്ടായ മാറ്റങ്ങളും ട്രാൻസ്ഫർ നടപടികളിലെ വീഴ്ചകളും ഇൻസാഗിയുടെ പുറത്തേക്കുള്ള വഴി എളുപ്പമാക്കിയെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് കുറച്ചുനാളുകളായി വിവിധ അഭ്യൂഹങ്ങൾ നിലനിന്നിരുന്നു.

ഇൻസാഗിയുടെ കീഴിൽ ഈ വർഷം കിംഗ്‌സ് കപ്പ് സ്വന്തമാക്കിയ അൽ-ഹിലാൽ നിലവിൽ സൗദി പ്രോ ലീഗ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ലീഗ് കിരീടം സ്വന്തമാക്കാൻ അൽ-ഫയ്ഹയ്ക്കെതിരായ അവസാന മത്സരത്തിൽ ജയിക്കുന്നതിനൊപ്പം, ദമാകിനെതിരായ മത്സരത്തിൽ അൽ-നസർ തോൽക്കുകയും വേണം.

മുൻ ലാസിയോ പരിശീലകനായ ഇൻസാഗി ഈ വേനൽക്കാലത്ത് മറ്റ് ക്ലബ്ബുകൾക്ക് ലഭ്യമാകും. അദ്ദേഹം യൂറോപ്യൻ ഫുട്ബോളിലേക്ക് തിരിച്ചെത്തുമോയെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്.

© Madhyamam