മെസ്സിയെ കൊൽക്കത്തയിൽ കൊണ്ടുവന്നതിൽ ഖേദിക്കുന്നു; സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ സംഭവങ്ങളിൽ പ്രതികരിച്ച് ശതാദ്രു ദത്ത


പോലീസും ഭരണകൂടവുമാണ് ഇതിന് ഉത്തരവാദി. എന്റെ നടത്തിപ്പിൽ പിഴവുണ്ടായിരുന്നെങ്കിൽ, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ അതേ ടീമിനെ വെച്ച് എങ്ങനെയാണ് പരിപാടി ഭംഗിയായി നടന്നത്? അവിടെയൊക്കെ സർക്കാരും പോലീസും അക്രഡിറ്റേഷൻ സംവിധാനം കൃത്യമായി പാലിച്ചു. ഡൽഹിയിൽ ഉന്നത വ്യക്തികൾ ഉണ്ടായിരുന്നിട്ടും, പട്ടികയിൽ ഉൾപ്പെട്ടവർക്ക് മാത്രമേ മൈതാനത്ത് പ്രവേശനം ഉണ്ടായിരുന്നുള്ളൂ. പരിപാടിക്ക് നാല് ദിവസം മുൻപ്, ബിധാനഗർ കമ്മീഷണറോടും എഡിജിയോടും ഒപ്പം ഞാൻ ഡിജി ഓഫീസിൽ പോയി സുരക്ഷാ കാര്യങ്ങൾ വിശദീകരിച്ചിരുന്നു. എല്ലാം ഭംഗിയായി നടക്കുമെന്ന് അവർ ഉറപ്പുനൽകിയതാണ്.

ഞങ്ങൾ 20-ഓളം മീറ്റിംഗുകൾ നടത്തി, എല്ലാ അനുമതികളും വാങ്ങി. പക്ഷേ കാര്യങ്ങൾ തെറ്റിയപ്പോൾ ഞാൻ ബലിയാടായി. സെൽഫിയെടുക്കാൻ വന്നൊരാൾ റോഡ്രിഗോ ഡി പോളിനെ തള്ളിയപ്പോൾ മെസ്സി അസ്വസ്ഥനായി. അനുവാദമില്ലാത്തവർ എങ്ങനെയാണ് മൈതാനത്തേക്ക് വരുന്നതെന്ന് മെസ്സിയുടെ മാനേജർ ചോദിച്ചുകൊണ്ടേയിരുന്നു. മെസ്സിക്ക് ഏകദേശം ഒരു ബില്യൺ ഡോളറിന്റെ ഇൻഷുറൻസ് പരിരക്ഷയുണ്ടായിരുന്നു. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ അത് രാജ്യത്തിന് തന്നെ നാണക്കേടായേനെ. അതുകൊണ്ടാണ് പരിപാടി നിർത്തിവെക്കാൻ മെസ്സിയുടെ ടീം തീരുമാനിച്ചത്.

ചോദ്യം: രാഷ്ട്രീയ ഇടപെടലുകൾ ഈ വിവാദത്തിൽ പങ്കുവഹിച്ചിട്ടുണ്ടെന്ന് നിങ്ങൾ സൂചിപ്പിച്ചിരുന്നു. അരൂപ് ബിശ്വാസോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ പരിപാടിയുടെ തീരുമാനങ്ങളിൽ നേരിട്ട് ഇടപെട്ടോ?

ശതദ്രു ദത്ത: മൈതാനത്തേക്ക് കൂടുതൽ പാസുകൾ ആവശ്യപ്പെട്ട് അവർ എന്നെ സമ്മർദ്ദത്തിലാക്കി. ഞാൻ അത് നൽകാൻ വിസമ്മതിച്ചു. സഹകരിച്ചില്ലെങ്കിൽ പരിപാടിക്ക് പ്രശ്നമുണ്ടാകുമെന്ന് എന്നോട് പറഞ്ഞു. അക്രഡിറ്റേഷൻ കൈകാര്യം ചെയ്ത എന്റെ ടീമിനെ ഒരു മുറിയിൽ അടച്ചിട്ട് പാസുകൾ നൽകുന്നതുവരെ പുറത്തുവിടില്ലെന്ന് ഭീഷണിപ്പെടുത്തി. മന്ത്രിയുടെ ആളുകളും സാൾട്ട് ലേക്ക് അധികൃതരുമാണ് ഈ സമ്മർദ്ദം ചെലുത്തിയത്. 393 അക്രഡിറ്റേഷൻ കാർഡുകൾ ഞങ്ങൾ നൽകിയിരുന്നു. പക്ഷേ മൈതാനത്ത് കയറിയവർക്ക് കാർഡുകളൊന്നും ഉണ്ടായിരുന്നില്ല. പോലീസ് എങ്ങനെയാണ് അവരെ അനുവദിച്ചത്? ഞാൻ കഴിവില്ലാത്തവനാണെങ്കിൽ എങ്ങനെയാണ് ഹൈദരാബാദിലും മറ്റും പരിപാടി നന്നായി നടന്നത്?

ചോദ്യം: കൊൽക്കത്തയ്ക്ക് ശേഷം ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ പരിപാടികൾ വളരെ സുഗമമായി നടന്നു. ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ശതദ്രു ദത്ത: തീർച്ചയായും. അവിടങ്ങളിലെ വിഐപികൾ വളരെ മാന്യമായാണ് പെരുമാറിയത്. മുംബൈയിലും ഡൽഹിയിലും സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ളവരുണ്ടായിരുന്നു. മുംബൈയിലെ മുഖ്യമന്ത്രി വളരെ മാന്യമായി പെരുമാറി. കൊൽക്കത്തയിൽ പ്രശ്നമുണ്ടാക്കിയത് കായിക മന്ത്രിയുടെ പക്വതയില്ലാത്ത പെരുമാറ്റമാണ്. അദ്ദേഹം അധികാരം ഉപയോഗിച്ച് പരിപാടിയെ തന്റെ സ്വകാര്യ ഷോയാക്കി മാറ്റി.

ഇതും വായിക്കുക – ലയണൽ മെസ്സിയുടെ ഇന്ത്യ സന്ദർശനം: സ്നേഹവും അലങ്കോലങ്ങളും

ചോദ്യം: കൊൽക്കത്തയിലെ പരിപാടിക്ക് ശേഷം എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാമോ? എങ്ങനെയാണ് നിങ്ങൾ കസ്റ്റഡിയിലായത്?

ശതദ്രു ദത്ത: മെസ്സിയുടെ ടീമിന് പരിപാടി തുടരാൻ താല്പര്യമില്ലാത്തതുകൊണ്ട് ഞങ്ങൾ മടങ്ങി. വിമാനത്താവളത്തിൽ വെച്ച് ഡിജി എന്നെ വിമാനത്തിൽ കയറാൻ അനുവദിക്കില്ലെന്ന് പറഞ്ഞു. മെസ്സിയുടെ ടീം പോലീസിനോട്, ‘ഇതിൽ അദ്ദേഹത്തിന് എന്ത് കുറ്റമാണുള്ളത്? മന്ത്രിയെ വിളിക്കൂ’ എന്ന് ചോദിച്ചിരുന്നു. ബംഗാളിൽ അവർക്കൊരു ബലിയാടിനെ വേണമായിരുന്നു. തങ്ങളെത്തന്നെ രക്ഷിക്കാൻ പോലീസ് ആഗ്രഹിച്ചു. ഞാൻ ബലിയാടായി.

ചോദ്യം: ഈ വിവാദത്തിന് ശേഷം നിങ്ങൾ 38 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞു. ഭരണകൂടത്തിൽ നിന്ന് ആരെങ്കിലും നിങ്ങളെ ബന്ധപ്പെട്ടിരുന്നോ?

ശതദ്രു ദത്ത: ഇല്ല. എനിക്ക് ഇന്ത്യയുടെ നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ട്. ജാമ്യം കിട്ടിയപ്പോൾ വക്കീലുമായി ആലോചിച്ച് നിയമപരമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. ബംഗാളിൽ എല്ലാം സ്വാധീനം ഉപയോഗിച്ചാണ് നടക്കുന്നത്. എന്നെ നിശബ്ദനാക്കാൻ അവർ ശ്രമിച്ചു. പക്ഷേ ഇപ്പോൾ എനിക്ക് സംസാരിക്കാൻ അവസരം ലഭിച്ചു.

ചോദ്യം: കൊൽക്കത്തയിലെ മെസ്സി പരിപാടിയെക്കുറിച്ച് ഇനിയും പുറത്തുവരാത്ത സത്യങ്ങൾ എന്തൊക്കെയാണ്?

ശതദ്രു ദത്ത: കഴിഞ്ഞ 15 വർഷമായി ഞാൻ പരിപാടികൾ സംഘടിപ്പിക്കുന്നു, ഇങ്ങനെ സംഭവിച്ചിട്ടില്ല. അപൂർവ്വം ഫോട്ടോകൾ എടുക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഇവിടെ ആരോ ഇതൊരു സ്വകാര്യ പരിപാടിയാക്കി മാറ്റി. ഡിജിയും കമ്മീഷണറും നോക്കി നിൽക്കെ ആരും അത് തടഞ്ഞില്ല. മൈതാനത്ത് കുറഞ്ഞത് ആയിരം പോലീസ് ഉദ്യോഗസ്ഥരെങ്കിലും ഉണ്ടായിരുന്നു.

ചോദ്യം: പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ നിങ്ങളുടെ അടുത്ത നടപടികൾ എന്തൊക്കെയാണ്?

ശതദ്രു ദത്ത: ഞാൻ നിയമനടപടികളുമായി മുന്നോട്ട് പോകും. മെസ്സി ഉൾപ്പെടെയുള്ള 22 ഫുട്ബോൾ ഇതിഹാസങ്ങളെ ഇന്ത്യയിലെത്തിച്ചിട്ടും ഞാൻ അപമാനിക്കപ്പെട്ടു. എന്റെ വക്കീലുമാർ മാനനഷ്ടക്കേസ് തയ്യാറാക്കുന്നുണ്ട്. ആരാധകർക്ക് അവരുടെ നായകനെ കാണാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായതിന് നഷ്ടപരിഹാരക്കേസും ഫയൽ ചെയ്യും. അനുമതിയില്ലാതെ മൈതാനത്ത് കയറിയ എല്ലാവർക്കും എതിരെ കേസ് നൽകും. പുതിയ സർക്കാരിനോടും കോടതികളോടും നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെടും.

ചോദ്യം: എല്ലാ വിവാദങ്ങൾക്ക് ശേഷവും മെസ്സിയെ കൊൽക്കത്തയിലെത്തിച്ചതിൽ നിങ്ങൾക്ക് ഖേദമുണ്ടോ?

ശതദ്രു ദത്ത: തീർച്ചയായും ഖേദമുണ്ട്. വേറെ എവിടെയെങ്കിലും ഈ പരിപാടി നടത്തിയെങ്കിൽ കൂടുതൽ പണം കിട്ടിയേനെ. ഒരു കൊൽക്കത്തക്കാരൻ എന്ന നിലയിൽ ഇവിടുത്തെ ഫുട്ബോൾ പ്രേമികൾക്ക് അതൊരു അനുഭവമാകണമെന്ന് ഞാൻ ആഗ്രഹിച്ചു. പക്വതയില്ലാത്ത ഒരാൾ സ്വന്തം നേട്ടത്തിന് വേണ്ടി ഈ പരിപാടി മുഴുവൻ നശിപ്പിക്കുമെന്ന് ഞാൻ കരുതിയില്ല.

© Madhyamam