ധാഖുവാഖാന (അസം): സന്തോഷ് ട്രോഫിയിൽ എട്ടാം കിരീടം തേടിയിറങ്ങിയ കേരളത്തിന് വീണ്ടും കണ്ണീർ മടക്കം. ഫൈനലിൽ സർവീസസ് ഒറ്റ ഗോളിനാണ് കേരളത്തെ കീഴടക്കിയത്.
അധിക സമയത്തിന്‍റെ 109ാം മിനിറ്റിൽ അഭിഷേക് പവാറാണ് സർവിസസിന്‍റെ വിജയഗോൾ നേടിയത്. തുടർച്ചയായ രണ്ടാം തവണയാണ് സന്തോഷ് ട്രോഫി ഫൈനലിൽ കേരളം തോൽക്കുന്നത്. കഴിഞ്ഞ വർഷം ഇൻജുറി ടൈമിലെ ഗോളിൽ ബംഗാളിനോട് തോറ്റിരുന്നു. സർവിസസിന്‍റെ എട്ടാം സന്തോഷ് ട്രോഫി കിരീട നേട്ടമാണിത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചതോടെയാണ് മത്സരം അധിക സമയത്തേക്ക് കടന്നത്. ഗ്രൂപ്പ് റൗണ്ടിലും കേരളം സർവിസസിനോട് പരാജയപ്പെട്ടിരുന്നു.
കളം നിറഞ്ഞു കളിച്ച കേരളത്തിന് ഫിനിഷിങ്ങിലെ പോരായ്മയാണ് തിരിച്ചടിയായത്. ആദ്യ ഇലവനിൽ ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയ്. എം. വിഘ്‌നേഷിന് പകരം ടി. ഷിജിൻ പ്ലേയിങ് ഇലവനിലെത്തി. മത്സരത്തിന്‍റെ തുടക്കംതൊട്ട് പന്തടക്കത്തിലും മുന്നേറ്റത്തിലും കേരളത്തിനായിരുന്നു മുൻതൂക്കം. എന്നാൽ, സർവിസസിന്‍റെ പ്രതിരോധപൂട്ട് മറികടക്കാൻ കേരള താരങ്ങൾക്കായില്ല. ഗോൾകീപ്പർ ഗഗൻദീപിന്റെ മികച്ച സേവുകളും സർവിസസ് വിജയത്തിൽ നിർണായകമായി. 27ാം മിനിറ്റിൽ മുന്നേറ്റതാരം അർജുന്റെ ഒരു ലോങ് റേഞ്ച് ഷോട്ട് ബാറിൽ തട്ടി പുറത്തേക്ക് പോയി. പിന്നാലെ ഷിജിന്‍റെ ഹെഡറും ബോക്‌സിന് പുറത്തേക്ക് പോയി.
ഗോൾരഹിതമായാണ് ഇടവേളക്ക് പിരിഞ്ഞത്. 57ാം മിനിറ്റിൽ പരിക്കേറ്റ ഷിജിന് പകരം വിഘ്‌നേഷ് കളത്തിലെത്തി. മികച്ച നീക്കങ്ങളുമായി കേരളം കളം നിറഞ്ഞെങ്കിലും ഗോൾ മാത്രം കണ്ടെത്താനായില്ല. 85ാം മിനിറ്റിൽ വിഘ്നേഷിന്റെ ഗോളെന്നുറച്ച ഷോട്ട് ഗഗൻദീപ് രക്ഷപ്പെടുത്തി. നിശ്ചിത സമയം ഗോൾരഹിതമായതോടെ മത്സരം അധിക സമയത്തേക്ക്. ഒടുവിൽ 109ാം മിനിറ്റിൽ അഭിഷേക് പവാർ സർവിസസിനായി വലകുലുക്കി.
ഇടതുവിങ്ങിൽ നിന്നുവന്ന ഒരു ക്രോസ് കേരള ഗോൾകീപ്പർ തട്ടിയകറ്റിയെങ്കിലും പന്ത് നേരേ വീണത് അഭിഷേകിന്റെ കാൽപ്പാകത്തിന്. താരത്തിന് ലക്ഷ്യം തെറ്റിയില്ല, സർവിസസ് മുന്നിൽ. ടൂർണമെന്റിൽ അഭിഷേകിന്റെ രണ്ടാം ഗോളാണിത്. കേരളത്തിനെതിരായ ഗ്രൂപ്പ് മത്സരത്തിലും താരം ഗോൾ നേടിയിരുന്നു. പിന്നാലെ സർവിസസ് കൂടുതൽ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഗോൾ മടക്കാൻ കേരളം ആക്രമിച്ചു കളിച്ചെങ്കിലും സർവിസസ് പ്രതിരോധത്തിൽ തട്ടി നീക്കങ്ങളെല്ലാം നിഷ്ഫലമായി. ഒടുവിൽ ഒറ്റ ഗോളിന് സർവിസസ് കിരീടത്തിൽ മുത്തമിട്ടു.
