കോമോ, ഇറ്റലി: സീരിഎയിലേക്കുള്ള തിരിച്ചുവരവിന് ശേഷം ട്രാൻസ്ഫർ വിപണിയിൽ സജീവമായിരിക്കുകയാണ് കോമോ. ഇതിനോടകം പെപ്പെ റെയ്ന, റാഫേൽ വരാനെ, അൽബെർട്ടോ മൊറെനോ എന്നിവരെ പോലുള്ള പ്രശസ്ത താരങ്ങളെ ടീമിലെത്തിച്ച കോമോ ഇപ്പോൾ റിയൽ മഡ്രിഡിൽ നിന്നും യുവ താരമായ നിക്കോ പാസിനെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്.
ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ട് പ്രകാരം, 6 മില്യൺ യൂറോയ്ക്ക് കോമോ അർജന്റീനിയൻ താരം നിക്കോ പാസിനെ ടീമിലെത്തിക്കും. എന്നാൽ ഭാവിയിൽ പാസിനെ വിൽക്കുന്നതിൽ നിന്ന് റിയൽ മഡ്രിഡിന് 50% പങ്കുണ്ടായിരിക്കും.
നിക്കോ പാസിനു പുറമേ, മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും മാക്സിമോ പെറോണെയെ കോമോ ടീമിലെത്തിക്കാനുള്ള ചർച്ചകളും അവസാനഘട്ടത്തിലാണ്. കഴിഞ്ഞ സീസൺ ലാസ് പാൽമസിൽ വായ്പാടിസ്ഥാനത്തിൽ കളിച്ച പെറോണെയെ ടീമിലെത്തിക്കാൻ കോമോ തീരുമാനിച്ചിരിക്കുന്നു.
കൂടാതെ, ബാഴ്സിലോണയിൽ നിന്ന് സെർജി റോബെർട്ടോയെയും ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലാണ്.
മുൻ ആഴ്‌സണൽ താരവും സ്പാനിഷ് ഫുട്ബോൾ ഇതിഹാസവുമായ സെസ്ക് ഫാബ്രഗാസാണ് കോമോയുടെ പരിശീലകൻ. സീരിയേയിലേക്കുള്ള തിരിച്ചുവരവിലെ ആദ്യ മത്സരത്തിൽ കോമോ ജുവെന്റസിനോട് 0-3 ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു.