റയൽ മാഡ്രിഡിന്റെ മിന്നും താരം വിനീഷ്യസ് ജൂനിയറിനെ തങ്ങളുടെ ലീഗിലേക്ക് എത്തിക്കാൻ സൗദി അറേബ്യ വീണ്ടും ശ്രമങ്ങൾ ആരംഭിച്ചു. 2027 വേനൽക്കാലം വരെ റയൽ മാഡ്രിഡുമായി കരാർ ഉള്ള വിനീഷ്യസുമായി പുതിയ കരാറിനെ കുറിച്ച് ചർച്ചകൾ ആരംഭിക്കാനിരിക്കുകയാണ് റയൽ മാഡ്രിഡ്. ഈ അവസരം മുതലാക്കി വീണ്ടും താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങളാണ് സൗദി പ്രതിനിധികൾ നടത്തുന്നത്.
പണക്കൊഴുപ്പിൽ വീഴുമോ വിനീഷ്യസും റയലും?
കഡേന സെറിന്റെ റിപ്പോർട്ട് പ്രകാരം, വിനീഷ്യസിനും റയൽ മാഡ്രിഡിനും മുന്നിൽ വമ്പൻ ഓഫറാണ് സൗദി മുന്നോട്ട് വെച്ചിരിക്കുന്നത്. റയൽ മാഡ്രിഡ് മുന്നോട്ട് വെച്ചതിനേക്കാൾ പത്തിരട്ടിയോളം ഉയർന്ന തുകയാണ് താരത്തിനായി സൗദി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് സൂചന. ഈ വമ്പൻ ഓഫർ ഇരു കക്ഷികളുടെയും മനസ്സ് മാറ്റിയേക്കുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.
എന്നാൽ ഇപ്പോൾ റയൽ വിടാൻ വിനീഷ്യസിന് പദ്ധതിയില്ല. 16-ആം വയസ്സിൽ തന്നെ അവസരം നൽകി വളർത്തിയെടുത്ത ക്ലബ്ബിനോട് അങ്ങേയറ്റം കടപ്പാടുള്ള വിനീഷ്യസ് ഇപ്പോൾ റയൽ മാഡ്രിഡ് വിടാൻ ആഗ്രഹിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.
ഈയിടെ നടന്ന 2024 ഗ്ലോബൽ സോക്കർ അവാർഡ് റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ സ്വന്തമാക്കിയിരുന്നു. പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും വിനീഷ്യസ് പ്രതികരിച്ചിരുന്നു.