ടോട്ടൻഹാമിനെതിരെ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ സമനില ഗോൾ നേടിയ മത്യാസ് ഡിലിറ്റ് (ഇടത്തുനിന്ന് മൂന്നാമത്) ബ്രയാൻ എംബ്യൂമോ, ലെനി യോറോ, മേസൺ മൗണ്ട്
എന്നിവർക്കൊപ്പം ആഹ്ലാദത്തിൽ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തർ തമ്മിലുള്ള പോരാട്ടത്തിൽ തുല്യത. ടോട്ടൻഹാം ഹോട്സ്പറും മാഞ്ചസ്റ്റർ യുനൈറ്റഡുമാണ് നാലു ഗോൾ പങ്കിട്ട് പോയന്റ് പങ്കുവെച്ചത്. ടോട്ടൻഹാമിനായി മത്യാസ് ടെൽ (84), റിച്ചാർലിസൺ (90+1) എന്നിവരും യുനൈറ്റഡിനായി ബ്രയാൻ എംബ്യൂമോ (32), മത്യാസ് ഡിലിറ്റ് (90+6) എന്നിവരുമാണ് സ്കോർ ചെയ്തത്.
11 മത്സരങ്ങളിൽ ഇരുടീമുകൾക്കും 18 പോയന്റ് വീതമാണെങ്കിലും ടോട്ടൻഹാം മൂന്നാമതും യുനൈറ്റഡ് ഏഴാമതുമാണ്. 10 കളികളിൽ 25 പോയന്റുമായി ആഴ്സനലാണ് തലപ്പത്ത്. 10 മത്സരങ്ങളിൽ 19 പോയന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാമതുണ്ട്. 10 കളികളിൽ 18 പോയന്റ് വീതമുള്ള ലിവർപൂൾ, സണ്ടർലൻഡ്, ബോൺമൗത്ത് ടീമുകൾ പോയന്റ് പട്ടികയിൽ ടോട്ടൻഹാമിനും യുനൈറ്റഡിനുമിടയിലുണ്ട്.
ടോട്ടൻഹാം ഹോട്സ്പർ സ്റ്റേഡിയത്തിൽ നടന്ന അങ്കത്തിൽ ആദ്യ വെടിപൊട്ടിച്ചത് യുനൈറ്റഡായിരുന്നു. കളി അര മണിക്കൂർ പിന്നിടവെ അമദ് ദിയാലോ വലതുവിങ്ങിൽനിന്ന് നൽകിയ ക്രോസിൽ ഹെഡറിലൂടെയായിരുന്നു എംബ്യൂമോയുടെ ഗോൾ. പതിവിൽനിന്ന് വിഭിന്നമായി ദിയാലോയെ റൈറ്റ് വിങ് ബാക്കിൽനിന്ന് മാറ്റി വലതുസ്ട്രൈക്കറാക്കിയ യുനൈറ്റഡ് കോച്ച് റൂബൻ അമോറിം എംബ്യൂമോയെ ഇടതുസ്ട്രൈക്കറായാണ് കളിപ്പിച്ചത്. ഒരു ഗോൾ ലീഡിൽ യുനൈറ്റഡ് ജയത്തിലേക്കെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു തോമസ് ഫ്രാങ്കിന്റെ ടോട്ടൻഹാം ഇരട്ട ഗോളുമായി തിരിച്ചടിച്ചത്. പകരക്കാരനായി ഇറങ്ങിയ മത്യാസ് ടെൽ ആയിരുന്നു സമനില പിടിച്ചത്.
പിന്നാലെ ആക്രമണം കനപ്പിച്ച ടോട്ടൻഹാം ഇഞ്ചുറി സമയത്തിന്റെ ആദ്യ മിനിറ്റിൽ റിച്ചാർലിസണിന്റെ ഹെഡർ ഗോളിലുടെ ലീഡും പിടിച്ചു. എന്നാൽ, യുനൈറ്റഡ് വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല. ഫൈനൽ വിസിലിന് തൊട്ടുമുമ്പ് ലഭിച്ച കോർണറിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഡെലിവറിൽ ബാക്ക്പോസ്റ്റിൽ ഉയർന്നുചാടിയ ഡിലിറ്റ് തകർപ്പൻ ഹെഡറിലൂടെ ടീമിന് സമനില സമ്മാനിച്ചു.
