ലിസ്ബൺ: ഖത്തറിന്റെ മണ്ണിൽ പോർചുഗലിന്റെ കൗമാരസംഘം വിശ്വ കിരീടത്തിൽ മുത്തമിട്ടപ്പോൾ, അവരെ നെഞ്ചോട് ചേർത്ത് അഭിനന്ദനം അറിയിച്ച് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
ഖത്തറിൽ സമാപിച്ച ഫിഫ അണ്ടർ 17 ലോകകപ്പിൽ പോർചുഗൽ ഓസ്ട്രിയയെ തോൽപിച്ചാണ് തങ്ങളുടെ മണ്ണിലേക്ക് ആദ്യ ഫിഫ ലോകകപ്പ് കിരീടമെത്തിച്ചത്. വിശ്വമേളയിൽ പറങ്കിപ്പടയുടെ കൗമാര സംഘം ചരിത്രമെഴുതിയപ്പോൾ ഏറ്റവും സന്തോഷിക്കുന്നത്, അവരിൽ ഓരോ താരത്തിനും റോൾമോഡലായ ലോകഫുട്ബാളർ ക്രിസ്റ്റ്യാനോ തന്നെ. ടീമിന്റെ കിരീട വിജയത്തിനു പിന്നാലെ തന്റെ സാമൂഹിക മാധ്യമ പോസ്റ്റിൽ ടീം അംഗങ്ങളുടെയും കോച്ചിന്റെയും ചിത്രം പങ്കുവെച്ചായിരുന്നു ക്രിസ്റ്റ്യാനോ അഭിനന്ദനം ചൊരിഞ്ഞത്.
പോർചുഗീസ് ഭാഷയിൽ വമ്പന്മാർ എന്ന അർഥത്തിൽ ‘ജിഗാന്റെസ്’ എന്ന് വിളിച്ചുകൊണ്ടാണ് ലോകചാമ്പ്യന്മാരായ കുട്ടിപ്പടക്ക് ക്രിസ്റ്റ്യാനോ അഭിനന്ദനമറിയിച്ചത്.
ദോഹ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രിയിൽ നടന്ന കലാശപ്പോരാട്ടത്തിൽ ഓസ്ട്രിയക്കെതിരെ 1-0ത്തിനായിരുന്നു പോർചുഗൽ കൗമാരപ്പടയുടെ ജയം. കളിയുടെ 32ാം മിനിറ്റിൽ അനിസിയോ കബ്രാൾ പറങ്കിപ്പടയുടെ വിജയഗോൾ കുറിച്ചു.
പോർചുഗലിന്റെ യൂത്ത് ഫുട്ബാൾ വികസനത്തിന്റെയും, പുതിയ പ്രതിഭകളുടെ വരവിന്റെയും സൂചനയായാണ് അണ്ടർ 17 ലോകകിരീട നേട്ടം വിലയിരുത്തുന്നത്. പ്രീക്വാർട്ടറിൽ മെക്സികോയെ 5-0ത്തിനും, സെമിയിൽ ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിലും തോൽപിച്ചായിരുന്നു പോർചുഗലിന്റെ കുതിപ്പ്.
യുവേഫ അണ്ടർ 17 കിരീടം ചൂടിയ അതേ വർഷം തന്നെയാണ് വിശ്വമേളയിലും പോർചുഗൽ സംഘത്തിന്റെ കിരീട നേട്ടം.
ലോകകപ്പിൽ ടൂർണമെന്റിലുടനീളം മികച്ച വിജയങ്ങളുമായാണ് പോർചുഗൽ കുതിച്ചത്. ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിൽ ന്യൂകാലിഡോണിയക്കെതിരെ 6-1നും, മൊറോക്കോക്കെതിരെ 6-0ത്തിനും വിജയം. ജപ്പാനെതിരെ 1-2ന് തോറ്റതൊഴിച്ചാൽ ആധികാരികമായിരുന്നു ക്രിസ്റ്റ്യാനോയുടെ പിൻമുറക്കാരുടെ ജൈത്രയാത്ര. നോക്കൗട്ട് റൗണ്ടിലും ഈ വിജയക്കുതിപ്പ് തുടർന്നു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി ലോകഫുട്ബാൾ അടക്കിവാഴുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ആവേശമായി മാറിയ പലതലമുറകൾ, ലോകം ജയിച്ചു തുടങ്ങിയതിന്റെ സാക്ഷ്യം കൂടിയാണ് ഈ വിജയ യാത്ര.
ടൂർണമെന്റിൽ ഏഴ് ഗോൾ നേടിയ അനിസിയോ കബ്രാൾ നിലവിൽ ബെൻഫിക താരമാണ്. നാല് ഗോൾ വീതം നേടിയ മത്യാസ് മിഡെ, പ്രതിരോധനിരക്കാരൻ ജോസ് നെറ്റോ, ഡാനിയേൽ ബനാക്വി, റാഫേൽ ക്വിന്റാസ്, ബെർണാഡോ ലിമ തുടങ്ങിയ നിരവധി താരങ്ങളാണ് പോർചുഗൽ ഫുട്ബാളിന്റെ ഭാവിതാരങ്ങളായി ഈ ടൂർണമെന്റ് സമ്മാനിക്കുന്നത്.
