ഗാലറിയിൽ കുഴഞ്ഞുവീണ്, മരണം മുന്നിൽകണ്ട ആരാധകന് പുതു ജീവൻ പകർന്ന ടീം ഡോക്ടർക്ക് ഫിഫ പുരസ്കാരം

ബെർലിൻ: കഴിഞ്ഞ ദിവസം ദോഹയിൽ നടന്ന ഫിഫ ബെസ്റ്റ് പുരസ്കാര ചടങ്ങിൽ താരമായി ജർമൻ ബുണ്ടസ് ലിഗ രണ്ടാം ഡിവിഷൻ ക്ലബായ എസ്.എസ്.വി യാൻ റീഗൻസ് ടീം ഡോക്ടർ ആ​ൻഡ്രിയാസ് ഹാർലാസ് ന്യൂകിങ്. ഈ വർഷം ഏപ്രിൽ 20ന് നടന്ന ബുണ്ടസ് ലിഗ രണ്ടാം ഡിവിഷൻ മത്സരത്തിനിടയിലെ ജീവൻ രക്ഷാ ഇടപെടലായിരുന്നു 63കാരനായ ഡോ. ഹാലാസ് ന്യൂകിങ്ങിനെ ലോകഫുട്ബാളിന്റെ പുരസ്കാര വേദിയിലെത്തിച്ചത്.

എഫ്.സി മാഗ്ഡെബുർഗും യാൻ റീഗൻസും തമ്മിൽ മാഗ്ഡെബുർഗിന്റെ വേദിയിലായിരുന്നു മത്സരം. പതിവുപോലെ സ്വന്തം ടീമിലെ താരങ്ങളുടെ ആരോഗ്യ, ഫിറ്റ്നസ് കാര്യങ്ങളിൽ ജാഗ്ര​തയോടെ ഡഗ് ഔട്ടിൽ കാത്തിരിപ്പിലായിരുന്നു ഡോ. ഹാലാസ് ന്യൂകിങും. ഇതിനിടയിൽ പെട്ടെന്നാണ് ഗ്യാലറിയിലെ ബഹളം ​ഡോക്ടറുടെയും ശ്രദ്ധയിൽ പെടുന്നത്. മാഗ്ഡെബുർഗ് ആരാധകൻ ഗാലറിയിലെ കസേരയിൽ നിന്ന് പെട്ടന്നു നിലത്തു വീണു പ്രാണനു വേണ്ടി പിടയുന്നു. അടുത്തു നിന്നവർ ഒന്നും ചെയ്യാനാകാതെ കാഴ്ചക്കാരായിരുന്ന്, ശബ്ദമുണ്ടാക്കുന്നു. ചിലർ സഹായത്തിന് വിളിക്കുന്നു.

ആ സമയം ഗ്രൗണ്ടിൽ വളരെ അകലെ റീഗൻസ് ബെർഗ് ടീമിനൊപ്പമായിരുന്നു ചീഫ് മെഡിക്കൽ ഓഫീസർ കൂടിയായ ഡോ. ആൻഡ്രിയാസ്‌ ഹാർലസ് ന്യൂ കിങ്. അപകടം മനസ്സിലാക്കിയ അദ്ദേഹം ഉടൻ കൈയ്യിലെ വലിയ മരുന്ന് പെട്ടിയുമായി ഗ്യാലറിയിലേക്ക് കുതിച്ചു.

മത്സരത്തിനിടെ, എതിർ ഗ്യാലറിയിലേക്ക് ഓടിക്കയറാൻ ആരുമൊന്ന് ആശങ്കപ്പെടും. എന്നാൽ, ഒരു മനുഷ്യ ജീവൻ രക്ഷിക്കാനുള്ള തീരുമാനത്തിനു മുന്നിൽ ഒന്നും തടസ്സമായില്ല. ആൾക്കൂട്ടത്തെ തട്ടി മാറ്റി അയാൾ വീണുകിടന്ന ആളുടെ അടുത്തെത്തി. ഹൃദയാഘാതം സംഭവിച്ച ഫുട്ബാൾ ആരാധകന് ഡോ. ന്യൂകിങ് രക്ഷകനായി. 40 മിനിറ്റിൽ അധിക നേരം സി.പി.ആർ നൽകി അയാളെ പുതുജീവിതത്തിലേക്ക് കൊണ്ടുവന്നു. 28 കാരനായ മറ്റൊരു ആൻഡ്രിയാസ്‌ ആയിരുന്നു ഡോ. ആൻഡ്രിയാസ് ന്യൂ കിങ്ങിന്റെ സാഹസിക ഇടപെടൽ കാരണം ജീവിതത്തിലേക്ക് തിരിച്ചു വന്നത്. അവനോടൊപ്പം ആംബുലസിൽ ആശുപത്രി വരെ അനുഗമിച്ച്, ചികിത്സ സംവിധാനം ഒരുക്കിയ ശേഷമാണ് ജർമൻ ഹീറോ ഡോക്ടർ തന്റെ ടീമിനൊപ്പം ചേർന്നത്.

ആദ്യം ജർമൻ ഫുട്ബാൾ ലോകവും, ഇപ്പോൾ ലോകഫുട്ബാളും ഡോ. ന്യൂകിങ്ങിന്റെ അവസരോചിത ഇടപെടലിന് നന്ദി പറയുന്നു. ഫിഫ പുരസ്കാര വേദിയിൽ ഫെയർ​േപ്ല പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡന്റ് ​ജിയാനി ഇൻഫന്റിനോ അഭിനന്ദിച്ചു. നിങ്ങളുടെ സ്​പോർട്സ്മാൻഷിപ്പും, നിസ്വാർത്ഥതയും, സാഹസികതയും സുന്ദരമായ ഫുട്ബാളിന്റെ നല്ല വശങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഫിഫയും ലോകഫുട്ബാളും താങ്കളുടെ മാനുഷിക മൂല്യമുള്ള പ്രവർത്തിയെ അഭിനന്ദിക്കുന്നു -ഇൻഫന്റിനോ പറഞ്ഞു.

കഴിഞ്ഞ സീസണിൽ മോശം ​പ്രകടനം നടത്തിയ റീഗൻസ് ബെർഗ് ഇത്തവണ മൂന്നാം ഡിവിഷനിലാണ് കളിക്കുന്നത്. 1995 മുതൽ ഡോക്ടറായി ഹർലാസ് ന്യൂകിങ് ബവേറിയൻ ക്ലബിനൊപ്പമുണ്ട്.



© Madhyamam