മഡ്രിഡ്: സ്വന്തം മുറ്റത്തെ അത്യന്തം നാടകീയമായ പോരാട്ടത്തിനൊടുവിൽ എൽ ക്ലാസികോ സ്വന്തമാക്കി റയൽ മഡ്രിഡിന്റെ കുതിപ്പ്.
സ്പാനിഷ് ലാ ലിഗ സീസണിലെ ആദ്യ എൽ ക്ലാസികോയിൽ ബാഴ്സലോണ വലയിൽ രണ്ട് ഗോളുകൾ അടിച്ചു കയറ്റിയായിരുന്നു കിലിയൻ എംബാപ്പെയും സംഘവും 2-1ന്റെ തകർപ്പൻ ജയവുമായി കിരീടകുതിപ്പിൽ നിർണായക ലീഡ് പിടിച്ചത്. കളിയുടെ 22ാം മിനിറ്റിൽ കിലിയൻ എംബാപ്പെയും, 43ാം മിനിറ്റിൽ ജൂഡ് ബെല്ലിങ് ഹാമും നേടിയ ഗോളുകളാണ് റയലിന് വിജയമൊരുക്കിയത്. ബാഴ്സലോണക്കായി 38ാം മിനിറ്റിൽ ഫെർമിൻ ലോപസ് ആശ്വാസ ഗോൾ നേടി.
52ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോൾ കൂടി എംബാപ്പെ ലക്ഷ്യത്തിലെത്തിച്ചിരുന്നുവെങ്കിൽ റയലിന്റെ വിജയം കൂടുതൽ ആധികാരികമായി മാറുമായിരുന്നു.
അവസാന മിനിറ്റിൽ സമനില ഗോൾ നേടാനുള്ള ബാഴ്സലോണയുടെ പോരാട്ടം കളിയിൽ തല്ലിലും പിടിയിലും വരെയെത്തിച്ചു. ഒടുവിൽ ബാഴ്സലോണ താരം പെഡ്രിയുടെ റെഡ് കാർഡ് വിളിയിൽ വരെ കാര്യമെത്തിച്ചു.
സീസണിൽ ബാഴ്സലോണയുടെ രണ്ടാം തോൽവിയാണിത്. അതേസമയം, കിരീട നിർണയത്തിൽ നിർണായകമായ എൽ ക്ലാസികോ ജയിച്ചതോടെ റയൽ മഡ്രിഡിന് അഞ്ചു പോയന്റ് ലീഡായി. 10 കളിയിൽ റയലിന് 27ഉം, ബാഴ്സലോണക്ക് 22ഉം പോയന്റുകളാണുള്ളത്.
മധ്യനിരയിൽ ചുവാമനിയിൽ തുടങ്ങി വിങ്ങുകളെ ചടുലമാക്കിയ വിനീഷ്യസും ബെല്ലിങ് ഹാമും കാമവിംഗയും, ഒപ്പം മുന്നേറ്റത്തിൽ എംബാപ്പെയും ചേർന്നതോടെ റയലിന് മൂർച്ചകൂടി.
എന്നാൽ, കഴിഞ്ഞ കളികളിലെ വീര്യം ബാഴ്സലോണക്ക് നഷ്ടമായ പോലെയായിരുന്നു. ലമിൻ യമാലിനും, റാഷ്ഫോഡിനും ടച്ച് നഷ്ടമായതോടെ കളിയിൽ ബാഴ്സക്ക് പിടിവിട്ടു.
