മാഡ്രിഡ്: റയലിന്റെ തൂവള്ളക്കുപ്പായത്തിൽ ഇനി മാർസെലോയുടെ മകൻ എൻസോ ആൽവസിനെയും കാണാം.
റയലിന്റെയും ബ്രസീലിന്റെയും മുൻ താരം മാർസെലോയുടെ മകൻ റയലുമായി ആദ്യ പ്രഫഷനൽ കരാർ ഒപ്പിട്ടു. മതാപിതാക്കളുമൊത്താണ് പതിനാറുകാരൻ കരാർ ഒപ്പിടാൻ എത്തിയത്.
റയൽ മഡ്രിഡിന്റെ യൂത്ത് സിസ്റ്റമായ ല ഫാബ്രിക്കയിലെ അംഗമാണ് എൻസോ. അറ്റാക്കിങ്ങ് പ്ലേയറായ എൻസോ മികച്ച താരമായി മാറുന്നതിനുള്ള എല്ലാ കഴിവുകളുമുള്ള താരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ററയൽ മഡ്രിഡ് യൂത്ത് ടീമിന്റെ കോച്ചും ഇപ്പോഴത്തെ സീനിയർ ടീമിന്റെ കോച്ചുമായ ആൽവാരോ അർബലോവക്കും എൻസോയുടെ കഴിവുകളിൽ പൂർണ വിശ്വാസമാണ്. ഗോൾ സ്കോറിങ് മികവും ക്ലിനിക്കൽ ഫിനിഷിങ്ങളും കൈമുതലുള്ള എൻസോയെ ഒരു ദീർഘകാല പദ്ധതിയായാണ് റയൽ കണുന്നത്.
യുവനൈൽ അണ്ടർ 17 ടീമിലെ മിന്നും പ്രകടനത്തോടെയാണ് ശ്രദ്ധയാകർഷിക്കുന്നത്. ഇതോടെ അണ്ടർ 19 ടീമിലേക്ക് കയറ്റം കിട്ടി. യൂറോപ്യൻ യൂത്ത് ലീഗിൽ ഈയിടെ അരങ്ങേറിയ സന്തോഷത്തിനിടയിലാണ് റയൽ മഡ്രിഡുമായി കരാറിൽ ഏർപ്പെടുന്ന സന്തോഷവും എൻസോയെ തേടിയെത്തുന്നത്.
റയലിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് മാർസെലോയെ കണക്കാക്കുന്നത്. റയലിനായി ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരം കൂടിയാണ്. മകൻ റയലുമായി കരാർ ഒപ്പിട്ടതിൽ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്ന് മാർസെലോ പറയുന്നു.
