ലാ ലിഗയിൽ വിജയക്കുതിപ്പ് തുടർന്ന് റയൽ മാഡ്രിഡ്. മയോക്കക്കെതിരായ മത്സരത്തിൽ 2-1നാണ് റയൽ മാഡ്രിന്റെ ജയം. ആർദ ഗൂളറും വിനീഷ്യസ് ജൂനിയറുമാണ് റയൽ മാഡ്രിഡിനായി ഗോൾ നേടിയത്. വിദാത് മുറിഹിയിലൂടെ സാന്റിയാഗോ ബെർണബ്യുവിൽ മയോക്കയാണ് ആദ്യ ഗോൾ നേടിയത്. ഈ സീസണിൽ റയൽ മാഡ്രിഡ് വഴങ്ങുന്ന ആദ്യ ഗോളാണിത്. ആദ്യ രണ്ട് മത്സരങ്ങളിലും റയൽ മാഡ്രിഡ് ഗോൾ വഴങ്ങിയിരുന്നില്ല.
എന്നാൽ, ഗോൾ വീണതിന് പിന്നാലെ വർധിത വീര്യത്തോടെ കളിച്ച റയൽ മാഡ്രിഡ് രണ്ട് ഗോൾ തിരിച്ചടിച്ചു. 37ാം മിനിറ്റിലാണ് റയലിന്റെ ആദ്യ ഗോൾ വന്നത്. അൽവാരോ ആറ് യാർഡ് ബോക്സിലേക്ക് നീട്ടി നൽകിയ പന്ത് ആർദ ഗൂളർ പിഴവുകളില്ലാതെ വലയിലെത്തിച്ചതോടെ റയൽ സമനിലപിടിച്ചു. ഗോൾ വീണ് ഒരു മിനിറ്റിനുള്ളിൽ രണ്ടാമത്തെ പ്രഹരവും റയൽ മയോക്കക്ക് നൽകി.ഇക്കുറി വിനീഷ്യസ് ജൂനിയറിന്റേതായിരുന്നു ഊഴം.
എംബാപ്പക്ക് റയൽ മാഡ്രിഡിന്റെ ലീഡുയർത്താൻ ഒന്നാം പകുതിയിൽ തന്നെ അവസരം ലഭിച്ചിരുന്നു. എന്നാൽ, എംബാപ്പയുടെ ഷോട്ട് പുറത്തേക്ക് പോവുകയായിരുന്നു. ഫ്രഞ്ച് താരം പിന്നെയും വലകുലുക്കിയെങ്കിലും ഓഫ് സൈഡാവുകയായിരുന്നു. മൂന്നാം ഗോളിനായി റയൽ മാഡ്രിഡിന് ചില അവസരങ്ങൾ രണ്ടാം പകുതിയിൽ ലഭിച്ചെങ്കിലും അത് മുതലാക്കാൻ അവർക്കായില്ല.
ഞായറാഴ്ച ബാഴ്സലോണ റയോ വലേസാനോയെ നേരിടും. മൂന്ന് മത്സരങ്ങളിൽ മൂന്ന് ജയമെന്ന റയലിന്റെ ലക്ഷ്യത്തിനൊപ്പമെത്തുകയാണ് ബാഴ്സയുടേയും ലക്ഷ്യം. ടൂർണമെന്റിലെ മറ്റൊരു മത്സരത്തിൽ സെൽറ്റ വിഗോ വിയ്യാറല്ലിനെ നേരിടും.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്ററിന് ജയം
ഇഞ്ചുറി ടൈമിൽ ബ്രുണോ ഫെർണാണ്ടസ് നേടിയ പെനാൽറ്റി ഗോളിൽ ഓൾട്രഫോഡിൽ നടന്ന പ്രീമിയർ ലീഗിൽ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നാടകീയ ജയം. 3-2 എന്ന സ്കോറിനാണ് മാഞ്ചസ്റ്റർ ബേൺലിക്കെതിരെ ജയിച്ച് കയറിയത്. മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡായിരുന്നു. ഓൺ ഗോളിലൂടെയാണ് മാഞ്ചസ്റ്റർ മുന്നിലെത്തിയത്.
27ാം മിനിറ്റി ബേൺലി താരം ജോഷ് കുള്ളന്റെ വകയായിരുന്നു മാഞ്ചസ്റ്ററിനുള്ള ഓൺ ഗോൾ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കസെമിറേ ഹെഡ് ചെയ്ത പന്ത് ക്രോസ്ബാറിൽ തട്ടി തിരിച്ചുവന്ന് കുള്ളന്റെ ശരീരത്തിൽ തട്ടി വലയിലാവുകയായിരുന്നു.
55ാം മിനിറ്റൽ ലയൽ ഫോസ്റ്ററിന്റെ ഗോളിൽ ബേൺലി ഒപ്പം പിടിച്ചു. എന്നാൽ, ബേൺലിയുടെ ഗോൾ സന്തോഷത്തിന് അധിക ആയുസുണ്ടായില്ല. ഡാലോട്ടിന്റെ പാസിൽ നിന്നും ബ്രയാൻ എംബ്യൂമോ ഒരു ഗോൾ നേടി മാഞ്ചസ്റ്ററിന് ലീഡ് നേടി. 66ാം മിനിറ്റിൽ ജെയ്ഡൺ ആന്റണി നേടിയ ഗോളിൽ ബേൺലി വീണ്ടും സമനില പിടിച്ചു.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് സ്റ്റേഡിയം നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. ജെയ്ഡൺ ആന്റണി അമദിന്റെ ഷർട്ടിൽ പിടിച്ച് വലിച്ചത് വാർ പരിശോധനയിൽ പെനാൽറ്റി അനുവദിച്ചു. ബ്രൂണോ ഫെർണാണ്ടസ് പിഴവുകളില്ലാതെ പെനാൽറ്റി കിക്ക് വലയിലെത്തിച്ച് മാഞ്ചസ്റ്ററിന് നിർണായക ജയം സമ്മാനിച്ചു. സീസണിലെ യുണൈറ്റഡിന്റെ ആദ്യ ജയമാണിത്.
