മാഡ്രിഡ്: റയൽ മഡ്രിഡ് മെഡിക്കൽ ടീമിന് സംഭവിച്ച അബദ്ധമാണ് ഇപ്പോൾ ഫുട്ബാൾ ലോകത്തെ ചർച്ചാ വിഷയം. സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയുടെ പരിക്കേറ്റ ഇടതു കാലിനു പകരം ടീമിന്റെ മെഡിക്കൽ സംഘം പരിശോധന നടത്തിയത് വലതുകാലിൽ!
കഴിഞ്ഞവർഷം ഡിസംബറിലാണ് സംഭവം. ഡിസംബർ ഏഴിന് സെൽറ്റ വിഗോക്കെതിരായ മത്സരത്തിനിടെയാണ് എംബാപ്പെയുടെ ഇടതു കാൽമുട്ടിന് പരിക്കേൽക്കുന്നത്. മത്സരം 2-0ത്തിന് റയൽ തോറ്റു. പിന്നാലെ ടീമിന്റെ മെഡിക്കൽ സംഘം താരത്തെ എം.ആർ.ഐ സ്കാനിങ്ങിനു വിധേയനാക്കി. ഇടതു കാലിനു പകരം വലതു കാൽ മുട്ടിലാണ് സ്കാനിങ് നടത്തിയത്. സ്കാനിങ്ങിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞ മെഡിക്കൽ ടീം, താരത്തിന് കളിക്കാനുള്ള അനുമതിയും നൽകി. പിന്നാലെ വേദനയും സഹിച്ച് റയലിനായി മൂന്നു മത്സരങ്ങൾ കളിക്കുകയും ചെയ്തു.
കാൽമുട്ടുവേദനക്ക് ശമനമില്ലാതെ വന്നതോടെ താരം പാരീസിൽ വിദഗ്ധ ചികിത്സ തേടിയപ്പോഴാണ് റയലിലെ മെഡിക്കൽ ടീമിന് പറ്റിയ അബദ്ധം മനസ്സിലാകുന്നത്. ഇതോടെ ജനുവരിയിൽ സൗദി അറേബ്യയിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പ് സെമി ഫൈനൽ മത്സരവും താരത്തിന് നഷ്ടമായി. മെഡിക്കൽ സംഘത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര പിഴവിൽ രൂക്ഷമായാണ് താരം പ്രതികരിച്ചത്. ബാഴ്സലോണക്കെതിരായ ഫൈനൽ മത്സരത്തിനുവേണ്ടിയാണ് എംബാപ്പെ ടീമിനൊപ്പം ചേർന്നത്.
മെഡിക്കൽ സംഘം പ്രശ്നമില്ലെന്ന് പറഞ്ഞതോടെ വേദന സഹിച്ചാണ് ഏതാനും മത്സരങ്ങൾ എംബാപ്പെ കളിച്ചത്. കാലിലെ യഥാർഥ പരിക്ക് തിരിച്ചറിയുമ്പോഴേക്കും ഗുരുതരമാകുകയും ചെയ്തു. പിഴവുവരുത്തിയ മെഡിക്കൽ സ്റ്റാഫിനെ റയൽ പുറത്താക്കി. കാൽമുട്ടിലെ പരിക്കുകാരണം സീസണിൽ ഇതുവരെ നാലു മത്സരങ്ങൾ താരത്തിന് നഷ്ടമായി.
കാൽമുട്ടിലെ പരിക്ക് പൂർണമായി ഭേദമായെന്നും ഇതുമായി ബന്ധപ്പെട്ട് പലവിധ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നെന്നും കഴിഞ്ഞദിവസം എംബാപ്പെ മാധ്യമങ്ങളോട് പറഞ്ഞു. പരിക്ക് അലട്ടിയിരുന്നെങ്കിലും സീസണിൽ റയലിനായി തകർപ്പൻ ഫോമിലാണ് താരം പന്തുതട്ടുന്നത്. 35 മത്സങ്ങളിൽനിന്നായി 38 ഗോളുകളാണ് താരം സ്കോർ ചെയ്തത്. ആറു അസിസ്റ്റുകളും പേരിലുണ്ട്.
