ബ്വേനസ്ഐയ്റിസ്: ഏറെ വൈകാരികമായിരുന്നു ബ്വേനസ്ഐയ്റിസിൽ ലയണൽ മെസ്സിയുടെ ഈ ദിനം. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന വെനിസ്വേലക്കെതിരെ കളത്തിലിറങ്ങിയപ്പോൾ ബ്വേനസ്ഐയ്റിസിലെ എസ്റ്റാഡിയോ മോണ്യൂമെന്റിൽ കൂട്ടുകാർക്കൊപ്പം പന്തുതട്ടാനിറങ്ങിയ ഇതിഹാസ താരത്തിന്റെ കണ്ണുകളും നിറഞ്ഞത് ലോകം കണ്ടു.
അർജന്റീന മണ്ണിൽ അവസാന ഔദ്യോഗിക മത്സരമെന്ന നിലയിൽ ശ്രദ്ധേയമായ പോരാട്ടത്തിൽ രണ്ട് ഗോളുമായി ടീമിനെ മുന്നിൽ നിന്ന് നയിക്കുകയും 3-0ത്തിന്റെ തകർപ്പൻ വിജയം സമ്മാനിക്കുകയും ചെയ്താണ് താരം കളംവിട്ടത്.
പ്രിയപ്പെട്ട താരം അർജന്റീന മണ്ണിലെ അതിവൈകാരികമായ അങ്കത്തിനിറങ്ങുമ്പോൾ ഒരു ലക്ഷത്തോളം ശേഷിയുള്ള സ്റ്റേഡിയവും നിറഞ്ഞു കവിഞ്ഞു. മെസ്സിയുടെ കുടുംബാംഗങ്ങളും പതിവുപോലെ ഗാലറിയിൽ ഇടം പിടിച്ചിരുന്നു. മത്സരത്തിനു പിന്നാലെ ഭാര്യ ആന്റെനെല്ല റോകുസോ ഇൻസ്റ്റഗ്രാമിൽ കുറിച്ച കമന്റുകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
‘നിങ്ങളെയോർത്ത് അഭിമാനിക്കുന്നു. നിങ്ങളുടെ ഓരോ ചുവടുവയ്പ്പിലും
, സ്നേഹത്തോടും കഠിനാധ്വാനത്തോടും കൂടി നിങ്ങൾ നേടിയെടുത്തതിലെല്ലാം ഞങ്ങൾ അഭിമാനിക്കുന്നു. ഈ യാത്രയിൽ നിങ്ങളോടൊപ്പം ഉണ്ടായിരിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ എത്രമാത്രം ഭാഗ്യമുള്ളവരാണ്. വി ലവ് യൂ ലിയോ മെസ്സി’ -സ്പാനിഷിൽ കുറിച്ച സന്ദേശത്തിൽ ആന്റനൊല്ല പ്രിയതമനെ ആന്റനൊല്ല സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്നു.
മത്സരത്തിന് മുമ്പായി ലയണൽ മെസ്സി മക്കൾക്കൊപ്പം നിൽക്കുന്ന ചിത്രവും പങ്കുവെച്ചാണ് ആന്റെനെല്ല ഇൻസ്റ്റഗ്രാം പോസ്റ്റു ചെയ്തത്.
മത്സരത്തിനു പിന്നാലെ അന്താരാഷ്ട്ര കരിയറിന്റെ സമാപനം സംബന്ധിച്ച് ലയണൽ മെസ്സി സൂചനകളും നൽകിയ പശ്ചാത്തലത്തിലാണ് ഭാര്യയുടെ കുറിപ്പ്. അടുത്ത ലോകകപ്പിൽ കളിക്കുമോയെന്ന ചോദ്യത്തിന് ഇതുവരെ തീരുമാനമെടുത്തില്ലെന്നായിരുന്നു മെസ്സിയുടെ മറുപടി. വീണ്ടുമൊരു ലോകകപ്പ് കളിക്കുന്നതിനെ കുറിച്ച് ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞ താരം, പ്രായവും ഫിറ്റ്നസും ഫോമും തുടർന്നാൽ ഒരു കൈനോക്കാമെന്ന സൂചനയും താരം നൽകി.
