ഫുട്ബോളിൽ ഒരു ക്ലബ് മാറ്റം ഒരു കളിക്കാരന്റെ കരിയറിൽ എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് സ്ലോവേനിയൻ യുവതാരം ബെഞ്ചമിൻ സെസ്കോ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ഒപ്പിട്ടതിന് പിന്നാലെ, വെറും ഒരാഴ്ച കൊണ്ട് സെസ്കോയുടെ സോഷ്യൽ മീഡിയയിലെ വളർച്ച ഫുട്ബോൾ ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
കരാർ ഒപ്പിടുന്നതിന് ഒരാഴ്ച മുൻപ് സെസ്കോയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഏകദേശം 375,000 ഫോളോവേഴ്സാണ് ഉണ്ടായിരുന്നത്. എന്നാൽ, ‘ചുവന്ന ചെകുത്താന്മാരുടെ’ ഭാഗമായെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ കഥ മാറി. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് യുണൈറ്റഡ് ആരാധകർ സെസ്കോയെ സോഷ്യൽ മീഡിയയിൽ പിന്തുടരാൻ തുടങ്ങി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, അദ്ദേഹത്തിന്റെ ഫോളോവേഴ്സിന്റെ എണ്ണം ഇപ്പോൾ ഒരു മില്യൺ (പത്ത് ലക്ഷം) കടന്നിരിക്കുന്നു. ഏഴ് ദിവസം കൊണ്ട് ആറര ലക്ഷത്തിലധികം പുതിയ ആരാധകരെയാണ് താരത്തിന് ലഭിച്ചത്.
“യുണൈറ്റഡ് ജ്യൂസ്” എന്ന് ആരാധകർ സ്നേഹത്തോടെ വിശേഷിപ്പിക്കുന്ന ഈ പ്രതിഭാസം ക്ലബ്ബിന്റെ ആഗോള തലത്തിലുള്ള സ്വാധീനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഓൾഡ് ട്രാഫോർഡിലേക്ക് എത്തുന്ന ഏതൊരു കളിക്കാരനും ലഭിക്കുന്ന താരപരിവേഷവും ലോകശ്രദ്ധയും എത്ര വലുതാണെന്ന് ഇത് വ്യക്തമാക്കുന്നു. കളിക്കളത്തിൽ എന്ത് അത്ഭുതമാണ് സെസ്കോ കാത്തുവെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ. എന്നാൽ ഒന്നുറപ്പാണ്, കളിക്കളത്തിൽ ഇറങ്ങും മുൻപേ തന്നെ ആരാധകരുടെ ഹൃദയത്തിൽ സെസ്കോ ഇടംപിടിച്ചു കഴിഞ്ഞു.