പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂളിനെതിരെ ഓൾഡ് ട്രാഫോർഡിൽ 3-0ന് നാണംകെട്ട തോൽവി ഏറ്റുവാങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്.
ലിവർപൂളിന്റെ ആദ്യ രണ്ട് ഗോളുകളും ലൂയിസ് ഡിയാസ് നേടി. 35-ാം മിനിറ്റിലും 42-ാം മിനിറ്റിലും സലാഹിന്റെ അസിസ്റ്റിൽ ആയിരുന്നു ഡിയാസിന്റെ രണ്ട് ഗോളുകളും. മറ്റൊരു ഗോൾ 56 ആം മിനിറ്റിൽ സോബോസ്ലൈയുടെ അസിസ്റ്റിൽ സലാഹ് നേടി.
ഇതോടെ, ഒൾഡ് ട്രാഫോർഡിൽ തുടർച്ചയായ ഏഴ് മത്സരങ്ങളിൽ ഗോൾ നേടി സലാഹ് റെക്കോർഡിട്ടു. 2017-ൽ ലിവർപൂളിൽ എത്തിയതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഇതുവരെ 15 ഗോളാണ് സലാഹ് നേടിയിട്ടുള്ളത്.
കൂടാതെ, മാൻ യുണൈറ്റഡ് മധ്യനിര താരം കസെമിറോ പരിക്ക് കാരണം പുറത്ത് വേണ്ടി വന്നു. ദയനീയ പ്രകടനമായിരുന്നു കസെമിറോ ലിവർപൂളിനെതിരെ പുറത്തെടുത്തത്. ലിവർപൂളിന്റെ ആദ്യ രണ്ട് ഗോളുകളും പിറന്നത് കസീമിറോയുടെ പിഴവിൽ നിന്നായിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ ഈ സീസണിൽ മൂന്ന് ലീഗ് മത്സരങ്ങളിൽ രണ്ടിലും തോറ്റിട്ടുണ്ട്.
അതേസമയം, ലിവർപൂൾ മൂന്ന് മത്സരങ്ങളും ഗോൾ വഴങ്ങാതെ വിജയിച്ചു. ജർഗൻ ക്ലോപ്പിന്റെ കീഴിൽ ഒമ്പത് ട്രോഫി നേടിയതിന് ശേഷം ലിവർപൂൾ അർണെ സ്ലോട്ടിന്റെ കീഴിൽ മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്.
ലിവർപൂൾ കഴിഞ്ഞ സീസണിൽ ആൻഫീൽഡിൽ യുണൈറ്റഡിനെ 7-0ന് തോൽപ്പിച്ചിരുന്നു. കൂടാതെ, 2021-22 സീസണിലും മാൻ യുണൈറ്റഡിനെതിരെ 4-0, 5-0 എന്നീ വിജയങ്ങളും ലിവർപൂളിന്റെ റെക്കോർഡിൽ ഉണ്ട്.