ഗുഡിസൺ പാർക്കിൽ നടന്ന മെഴ്‌സിസൈഡ് ഡെർബിയിൽ എവർട്ടണും ലിവർപൂളും തമ്മിലുള്ള പോരാട്ടം ആവേശകരമായ സമനിലയിൽ അവസാനിച്ചു. അവസാന നിമിഷങ്ങളിലെ ജെയിംസ് ടാർകോവ്സ്കിയുടെ ഗോളാണ് എവർട്ടണെ രക്ഷപ്പെടുത്തിയത്.
ലിവർപൂളിനു വേണ്ടി അലക്സിസ് മാക് അലിസ്റ്ററും മുഹമ്മദ് സലാഹും ഗോളുകൾ നേടിയപ്പോൾ എവർട്ടണു വേണ്ടി ബെറ്റോയും ടാർകോവ്സ്കിയും ഗോളുകൾ നേടി.
ആദ്യ പകുതിയിൽ ഇരു ടീമുകളും ആക്രമണ ഫുട്ബോൾ കാഴ്ചവെച്ചു. ബെറ്റോ എവർട്ടണെ മുന്നിലെത്തിച്ചെങ്കിലും മാക് അലിസ്റ്ററുടെ ഗോൾ ലിവർപൂളിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിൽ സലാഹ് ലിവർപൂളിനെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ അധിക സമയത്തിന്റെ എട്ടാം മിനിറ്റിൽ ടാർകോവ്സ്കി എവർട്ടണിനായി സമനില ഗോൾ നേടി.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഇരു ടീമുകളിലെയും കളിക്കാർ തമ്മിൽ ഉന്തും തള്ളും ഉണ്ടായി. അബ്ദുലയെ ഡൗക്കറ, കർട്ടിസ് ജോൺസ്, അർനെ സ്ലോട്ട് എന്നിവരെ ചുവപ്പ് കാർഡ് കാണിച്ച് പുറത്താക്കി.