മെസ്സിയും അർജന്റീനയും കേരളത്തിലെത്തില്ല; ഉറപ്പിച്ച് അർജന്റീന ഫുട്ബാൾ അസോസിയേഷൻ​

ബ്യൂണസ് അയേഴ്സ്: ഇതിഹാസതാരം ലയണൽ മെസ്സിയും അർജന്റീന ഫുട്ബാൾ ടീമും നവംബറിൽ കേരളത്തിലെത്തില്ല. അർജന്റീന ഫുട്ബാൾ അസോസിയേഷൻ കഴിഞ്ഞ ദിവസം പുറത്തുവിട്ട നവംബറിലെ ഷെഡ്യൂളിൽ കേരളമില്ല. നവംബറിൽ അർജന്റീനക്ക് ഒരു മത്സരം മാത്രമാണ് ഉള്ളത്. അത് നവംബർ 14ന് അംഗോളക്കെതിരായ മത്സരമാണ്.

നവംബറിൽ സ്​പെയിനിലേക്കാവും അർജന്റീന ആദ്യം പോവുക. സ്​പെയിനിൽ അർജന്റീനക്ക് പരിശീലനമുണ്ട്. അതിന് ശേഷം അംഗോള തലസ്ഥാനമായ ലുവാണ്ടിയിൽ വെച്ച് സൗഹൃദമത്സരം കളിക്കും. അതിന് ശേഷം സ്​പെയിനിലേക്ക് തിരിച്ചെത്തുന്ന അർജന്റീന നവംബർ 18 വരെ പരിശീലനം തുടരും. നവംബർ 18 വരെയാണ് സൗഹൃദമത്സരങ്ങൾക്കായി ഫിഫയുടെ വിൻഡോയുള്ളത്. ഇതോടെ ഈ വർഷം നവംബറിൽ അർജന്റീന കേരളത്തിൽ എത്തില്ലെന്ന് ഉറപ്പായി.

അതേസമയം, ആസ്ട്രേലിയയും അവരുടെ നവംബറിലെ മത്സരക്രമം പുറത്തുവിട്ടിട്ടുണ്ട്. നവംബറിൽ അർജന്റീനയും ആസ്ട്രേലിയയും തമ്മിൽ കൊച്ചിയിൽ കളിക്കുമെന്നാണ് ടീമുകളെ കേരളത്തിൽ എത്തിക്കുമെന്ന് അവകാശപ്പെട്ട സ്​പോൺസർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, നവംബറിൽ മത്സരങ്ങൾക്കായി ആസ്ട്രേലിയ യു.എസിലേക്കാവും പറക്കുക. വെനസ്വേലക്കെതിരെ നവംബർ 14നാണ് ആസ്ട്രേലിയയുടെ ആദ്യമത്സരം. നവംബർ 18ന് കൊളംബിയക്കെതിരെയാണ് ആസ്ട്രേലിയയുടെ രണ്ടാം മത്സരം.



© Madhyamam