ലയണൽ മെസ്സിയും മുൻ അർജന്റീനിയൻ സഹതാരം ഹാവിയർ മാഷെറാനോയും നേർക്ക് നേർ വരുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരുന്ന ആരാധകർക്ക് നിരാശയായി. കനത്ത മഞ്ഞുവീഴ്ചയും തണുപ്പും മൂലം മത്സരം ബുധനാഴ്ചത്തേക്ക് മാറ്റി.
കോൺകാകാഫ് ചാമ്പ്യൻസ് കപ്പിന്റെ ആദ്യ റൗണ്ടിൽ സ്പോർട്ടിംഗ് കാൻസസ് സിറ്റിയാണ് മയാമിയുടെ എതിരാളികൾ. കളിക്കാരുടെയും ആരാധകരുടെയും സുരക്ഷ കണക്കിലെടുത്താണ് മത്സരം മാറ്റിവയ്ക്കാൻ തീരുമാനിച്ചതെന്ന് കോൺകാകാഫ് അറിയിച്ചു.
ചിൽഡ്രൻസ് മെഴ്‌സി പാർക്കിൽ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന മത്സരം ബുധനാഴ്ച സമയം വൈകുന്നേരം 7 മണിക്ക് (ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 6.30) നടക്കും.
പരിശീലകനെന്ന നിലയിൽ മാഷെറാനോയുടെയും അരങ്ങേറ്റ മത്സരമാണിത്. പ്രീ-സീസണിൽ മികച്ച ഫോമിലായിരുന്ന മയാമി, നാല് മത്സരങ്ങളിൽ ജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ പിരിഞ്ഞു.
സ്വന്തം ഗ്രൗണ്ടിലെ മത്സരത്തിൽ ജയിച്ച് മുന്നേറ്റം നേടാനാണ് സ്പോർട്ടിംഗ് കാൻസസിന്റെ ലക്ഷ്യം. പ്രീ-സീസണിൽ ഒരു ജയം മാത്രമുള്ള കാൻസസ്, മൂന്ന് മത്സരങ്ങളിൽ തോറ്റു. ഒരു മത്സരം സമനിലയിലായി.
ആദ്യ പാദ മത്സരം ബുധനാഴ്ച നടന്നാൽ, ഫെബ്രുവരി 25 ന് മയാമിയിൽ രണ്ടാം പാദ മത്സരം നടക്കും. ഈ മത്സരത്തിൽ വിജയിക്കുന്ന ടീം അടുത്ത റൗണ്ടിൽ ജമൈക്കയിൽ നിന്നുള്ള കവലിയറെ നേരിടും.