ലണ്ടൻ: ആദ്യ പകുതിയിൽ തന്നെ 10പേരായി ചുരുങ്ങിയ ന്യൂകാസിലിന്റെ ഗംഭീരമായ ചെറുത്ത് നിൽപ്പ് കളിയുടെ ആവസാന മിനിറ്റിൽ മറികടന്ന് ലിവർപൂളിന് പ്രീമിയർ ലീഗിൽ വിജയത്തുടർച്ച. സെന്റ് ജെയിംസ് പാർക്കിൽ 16കാരനായ റിയോ നഗുമോഹയുടെ മനോഹരമായ ഗോളിലൂടെ 3-2 നാണ് ചെമ്പട ജയിച്ച് കയറിയത്.
35ാം മിനിറ്റിൽ റയാൻ ഗ്രാവെൻ ബെർച്ചിലൂടെ ലിവർപൂളാണ് ആദ്യ ലീഡെടുത്തത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് സ്ട്രൈക്കർ ആന്റണി ഗോർഡൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ന്യൂകാസിൽ പ്രതിരോധത്തിലായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലിവർപൂൾ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു(2-0).
46ാം മിനിറ്റിൽ ലിവർപൂളിന്റെ പുതിയ സ്ട്രൈക്കർ ഫ്രഞ്ച് താരം ഹ്യൂഗോ എക്കിറ്റിക്കയാണ് ഗോൾ നേടിയത്. എന്നാൽ, പത്തുപേരായി ചുരുങ്ങിയ ന്യൂകാസിലിന്റെ വൻ തിരിച്ചവരവാണ് പിന്നീട് കണ്ടത്. 57ാ മിനിറ്റിൽ ബ്രൂണോ ഗിമറസും 88ാം മിനിറ്റിൽ വില്യം ഒസൂലയും ന്യൂകാസിലിനായി ലക്ഷ്യം കണ്ടതോടെ ഒപ്പത്തിനൊപ്പമെത്തി (2-2).
തുടർന്ന് വിജയഗോളിനായുള്ള ലിവർപൂളിന്റെ നിരന്തര ആക്രമണങ്ങളെ ന്യൂകാസിൽ ശക്തമായി പ്രതിരോധിക്കുകയായിരുന്നു. അന്തിമ വിസിലിന് തൊട്ടുമുൻപ് 110ാം മിനിറ്റിലാണ് 16കാരനായ റിയോ നഗുമോഹ അവതരിച്ചത്. മുഹമ്മദ് സലാഹ് -സോബോസ്ലായ് കൂട്ടുകെട്ടിൽ നിന്ന് ലഭിച്ച പന്ത് മനോഹരമായി നഗുമോഹ വലയിലെത്തിക്കുകയായിരുന്നു. സീസണിലെ രണ്ടാം മത്സരവും ജയിച്ച ചാമ്പ്യന്മാർ തുല്യ പോയിന്റുമായി ആഴ്സനൽ, ടോട്ടൻഹാം എന്നിവർക്ക് പിറകിൽ മൂന്നാമതാണ്.