നാനി വീണ്ടും ബൂട്ടുകെട്ടുന്നു; പ്രചോദനം റൊണാൾഡോ

പോർച്ചുഗൽ: മുൻ പോർച്ചുഗൽ, മാഞ്ചസ്റ്റർ യുനൈറ്റഡ് താരം നാനി 39ാം വയസ്സിൽ വീണ്ടും ബൂട്ടുകെട്ടുന്നു. 2024ൽ ഫുട്ബാളിനോട് വിടപറഞ്ഞ ഈ വിങ്ങർ കസഖ്സ്താൻ ക്ലബ് എഫ്.സി അഖ്തോബിയുമായി ഒരു വർഷ കരാറിലാണ് ഒപ്പുവെച്ചത്. ​ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മടങ്ങി വരവിന് പ്രചോദനം. 40ാം വയസ്സിലും അന്താരാഷ്ട്ര ഫുട്ബോളിൽ മികവു തുടരുന്ന ക്രിസ്റ്റ്യാനോ വീണ്ടും കളിക്കാൻ പ്രചോദനമേകുന്നുവെന്നാണ് നാനി പറയുന്നത്.

യൂനൈറ്റഡിലും പോർചുഗിലും നാനിയും റൊണാൾഡോയും ഒന്നിച്ചു കളിച്ചിട്ടുണ്ട്. ക്ലബിന്റെ ഭാവി പദ്ധതികളുടെ ഭാഗമായി കൂടിയാണ് നാനിയുമായി കരാറിലെത്തിയതെന്നും, ഇത് നീട്ടുന്നതിനുള്ള കാര്യങ്ങൾ കരാറിലുണ്ടെന്നും കസഖ് ക്ലബ് അധികൃതർ പറഞ്ഞു.

നാനി അടുത്തിടെ യുവേഫയുടെ എലീറ്റ് യൂത്ത് ലീഗ് കോച്ചിങ്ങിന്റെ എ ലൈസൻസ് കരസ്ഥമാക്കിയിരുന്നു. ഭാവിയിൽ ക്ലബിനെ പരിശീലിപ്പിക്കുന്നതിനുള്ള ചുമതലയിലും നാനി എത്തുന്നതിന് സാധ്യതയുണ്ട്.

മാർച്ചിലാണ് കസഖസ്ഥാൻ പ്രീമിയർ ലീഗിന് തുടക്കമാവുക. കഴിഞ്ഞ സീസണിൽ അഞ്ചാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. അഞ്ച് പോയന്റുകൾ കൂടിയുണ്ടായിരുന്നുവെങ്കിൽ യൂവേഫ കോൺഫറൻസ് ലീഗിൽ യോഗ്യത നേടാമായിരുന്നു.

2007ൽ സ്​പോർട്ടിങ് സി.പിയിൽനിന്ന് യു​നൈറ്റഡിൽ എത്തിയതോടെയാണ് നാനി ശ്രദ്ധിക്കപ്പെടുത്തത്. 230 മത്സരങ്ങൾ കളിച്ച താരം 4 പ്രീമിയർ ലീഗ് കിരീടനേട്ടങ്ങളിലും പങ്കാളിയായി.

2015ൽ യുനൈറ്റഡ് വിട്ട താരം ഫെനർബാഷ്, വലൻസിയ, ലാസിയോ, ഓർലാൻഡോസിറ്റി, മെൽബൺ വിക്ടറി തുടങ്ങിയ ക്ലബുകൾക്കും കളിച്ചു.



© Madhyamam