കൊൽക്കത്ത: എ.എഫ്.സി ചാമ്പ്യൻസ് ലീഗ് 2ൽ ഇറാനിയൻ ടീമിനെതിരായ എവേ മത്സരത്തിൽനിന്ന് പിന്മാറി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. ബഗാനിലെ ആറ് വിദേശതാരങ്ങൾക്ക് ഇറാനിലേക്ക് യാത്ര ചെയ്യാൻ അവരവരുടെ രാജ്യങ്ങൾ അനുമതി നൽകാത്തതിനാലാണിത്.
ഇറാനിലെ സെപഹാൻ എസ്.സിക്കെതിരെ ചൊവ്വാഴ്ച നടക്കേണ്ട കളിയിൽനിന്നാണ് പിന്മാറ്റം. ഞായറാഴ്ച രാവിലെയാണ് ടീം ഇറാനിലേക്ക് തിരിക്കേണ്ടിയിരുന്നത്. അതത് രാജ്യങ്ങളിൽനിന്ന് യാത്രാ ഉപദേശങ്ങളെതുടർന്ന് ആറ് വിദേശതാരങ്ങളും യാത്ര ചെയ്യാൻ വിസമ്മതിച്ചെന്നും അവരുടെ വികാരങ്ങളെയും തീരുമാനത്തെയും ടീം മാനേജ്മെന്റ് പൂർണമായി പിന്തുണക്കുന്നുവെന്നും ബഗാൻ അധികൃതർ അറിയിച്ചു. ‘ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനുമായി പലതവണ ആശയവിനിമയം നടത്തി. എന്നിരുന്നാലും കളിക്കാരുടെ സുരക്ഷയെക്കുറിച്ച് ഒരു ഉറപ്പും ലഭിച്ചിട്ടില്ല.
കളിക്കാരും ഇന്ത്യൻ സ്റ്റാഫും ഉൾപ്പെട്ട യോഗത്തിനുശേഷം, യാത്ര ചെയ്യേണ്ടതില്ലെന്ന് കൂട്ടായ തീരുമാനമെടുത്തു. സ്വന്തം സുരക്ഷക്കും കുടുംബങ്ങളോടുള്ള ഉത്തരവാദിത്തത്തിനും മുൻഗണന നൽകി. വിഷയത്തിൽ ന്യായമായ ഒരു പരിഹാരം തേടാനും താൽപര്യങ്ങൾ സംരക്ഷിക്കാനും കായിക തർക്ക പരിഹാര കോടതിയെ സമീപിച്ചിട്ടുണ്ട്’ -ക്ലബ് വ്യക്തമാക്കി.