സൂപ്പർതാരം മുഹമ്മദ് സലാഹിന്‍റെ ഇൻജുറി ടൈം ഗോളിൽ ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഈജിപ്തിന് വിജയത്തുടക്കം. സിംബാബ്‌വെയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ടീം വീഴ്ത്തിയത്.
ഒരു ഗോളിനു പിന്നിൽപോയശേഷമാണ് സലാഹും സംഘവും ജയം പിടിച്ചെടുത്തത്. മാഞ്ചസ്റ്റർ സിറ്റി താരം ഉമർ മർമൂഷാണ് മറ്റൊരു ഗോൾ നേടിയത്. ടൂർണമെന്‍റിലെ കിരീട ഫേവറീറ്റുകളായ ഈജിപ്തിനെ ഞെട്ടിച്ച് മത്സരത്തിന്‍റെ 20ാം മിനിറ്റിൽ പ്രിൻസ് ദുബെയിലൂടെ സിംബാബ്‌വെയാണ് ആദ്യം ലീഡെടുത്തത്. ഇമ്മാനുവൽ ജലായിയുടെ ക്രോസിൽനിന്നാണ് താരം വലകുലുക്കിയത്. ഗോൾ മടക്കാനുള്ള സലാഹിന്‍റെയും മർമൂഷിന്‍റെയും ശ്രമങ്ങളൊന്നും വിജയിച്ചില്ല. രണ്ടാം പുകുതിയിലായിരുന്നു ഈജിപ്ത് രണ്ടു ഗോളുകളും നേടിയത്.
മത്സരത്തിന്‍റെ 64ാം മിനിറ്റിൽ മർമൂഷിലൂടെ ഫറോവമാർ ഒപ്പമെത്തി. മുഹമ്മദ് ഹംദിയാണ് ഗോളിന് വഴിയൊരുക്കിയത്. കളി സമനിലയിൽ കലാശിക്കുമെന്ന് കരുതിയിരിക്കെയാണ് ഇൻജുറി ടൈമിൽ (90+1) സലാഹ് ടീമിന്‍റെ രക്ഷകനായി അവതരിക്കുന്നത്. മുസ്തഫ മുഹമ്മദിന്‍റെ അസിസ്റ്റിൽനിന്നാണ് താരം വിജയഗോൾ നേടിയത്. മറ്റൊരു ആവേശകരമായ മത്സരത്തിൽ ദക്ഷിണാഫ്രിക്ക 2-1ന് അംഗോളയെ പരാജയപ്പെടുത്തി.
