ലീഗ് പട്ടികയിൽ മുന്നിലെത്തണം; ലക്ഷ്യം കൈവിട്ടിട്ടില്ലെന്ന് മൈക്കൽ കാരിക്


മാഞ്ചസ്റ്റർ യുണൈറ്റഡ് – ലിവർപൂൾ പോരാട്ടത്തെ സീസണിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളിലൊന്നായി വിശേഷിപ്പിച്ച് മൈക്കൽ കാരിക്. മത്സരത്തിന്റെ വ്യാപ്തിയും ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ നൽകുന്ന ശ്രദ്ധയും അത്ഭുതപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രീമിയർ ലീഗ് മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു കാരിക്. “ഇതൊരു വലിയ മത്സരമാണ്. ക്ലബ്ബിലെത്തിയ നാൾ മുതൽ ആരാധകർക്കും ടീമിനും ഈ പോരാട്ടം എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് എനിക്ക് ബോധ്യപ്പെട്ടതാണ്. ഞായറാഴ്ച നടക്കാൻ പോകുന്ന ഈ മത്സരത്തിലേക്ക് ലോകമെമ്പാടുമുള്ള എത്രപേരാണ് ഉറ്റുനോക്കുന്നത് എന്നത് ചിന്തിക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നു. വിവിധ കാരണങ്ങളാൽ ഇതൊരു പ്രത്യേക മത്സരമാണ്, അതിനാൽ വലിയ ആവേശത്തോടെയാണ് ഞാൻ ഇതിനെ നോക്കിക്കാണുന്നത്,” കാരിക് വ്യക്തമാക്കി.

ടീമിന്റെ പ്രകടനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “ഞങ്ങൾക്ക് ഇനിയും മുന്നേറാനുണ്ട്. ലീഗിൽ കൂടുതൽ ഉയരത്തിൽ ഫിനിഷ് ചെയ്യാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഈ വാരാന്ത്യത്തിലെ മത്സരം കൊണ്ട് മാത്രം ഒന്നും അവസാനിക്കുന്നില്ല. അടുത്ത സീസണിലേക്ക് കരുത്തോടെ മുന്നേറാൻ സീസൺ മികച്ച രീതിയിൽ പൂർത്തിയാക്കേണ്ടതുണ്ട്. കളിക്കാർക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനുള്ള അവസരം ഒരുക്കി നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഈ മത്സരം ഏറെ നിർണായകമാണ്. ഇത് വളരെ കടുപ്പമേറിയതും എന്നാൽ ആവേശകരവുമായ ഒരു മത്സരമായിരിക്കും,” അദ്ദേഹം പറഞ്ഞു.

“ഈ മത്സരത്തിന് ഞങ്ങൾ പൂർണ്ണ സജ്ജമാണ്. ഇതൊരു പ്രത്യേക മത്സരമായി തന്നെയാണ് ഞങ്ങൾ കാണുന്നത്. വളരെ മികച്ച നിലയിലാണ് ടീം ഇപ്പോൾ മുന്നോട്ട് പോകുന്നത്. കളിക്കാർ നല്ല ഫോമിലും ആത്മവിശ്വാസത്തിലുമാണ്. സീസണിന്റെ അവസാന ഘട്ടത്തിൽ ശക്തമായ പ്രകടനം കാഴ്ചവെക്കുന്നത് വരും മത്സരങ്ങളിൽ ടീമിന് വലിയ സഹായമാകും,” കാരിക് കൂട്ടിച്ചേർത്തു.

© Madhyamam