മെസ്സി നാളെ കൊൽക്കത്തയിൽ; കപ്പ് കയ്യിലേന്തിയ കൂറ്റൻ പ്രതിമ അനാച്ഛാദനം ചെയ്യും

കൊൽക്കത്ത: മൂന്നു ദിവസത്തെ ‘ഗോട്ട്‘ ടൂറിനായി ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി നാളെ ഇന്ത്യയിലെത്തും. അദ്ദേഹത്തിനുള്ള ആദരമായി ലോകകപ്പും കയ്യിലേന്തിയുള്ള 70 അടി ഉയരമുള്ള കൂറ്റൻ പ്രതിമ കൊൽക്കത്തയിലെ വി.ഐ.പി റോഡിൽ ഉയരുകയാണ്. അന്തിമ മിനുക്കു പണിയിലാണ് ശിൽപി മോണ്ടി പോൾ. തന്റെ ‘ഗോട്ട്’ (ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) ടൂറിന്റെ ഭാഗമായി കൊൽക്കത്ത നഗരത്തിൽ ആദ്യം കാലുകുത്തുന്ന ​മെസ്സി സ്വന്തം പ്രതിമ അനാച്ഛാദനം ചെയ്യും.

70 അടി പ്രതിമ നിലയുറപ്പിക്കുന്ന അടിസ്ഥാന ഘടനക്ക് മാത്രം ഇരുപത് ടൺ ഇരുമ്പ് തൂണുകൾ ആവശ്യമായി വന്നു. ഉയർത്തിപ്പിടിച്ചിരിക്കുന്ന ലോകകപ്പ് മാതൃകക്കു മാത്രം 8 അടി ഉയരമുണ്ട്. ശരീരത്തിന് 21 അടിയും. 15 ദിവസം കൊണ്ടാണ് മുഖം നിർമിച്ചത്. 45 പേരടങ്ങുന്ന സംഘം 27 ദിവസമെടുത്താണ് പ്രതിമയുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്തത്.

മറ്റെരു സ്ഥത്തു വെച്ച് നിർമിച്ച ഭാഗങ്ങൾ ഈ സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു. ഇങ്ങനെ മാറ്റാൻ നേരിട്ട വെല്ലുവിളി വലുതായിരുന്നു. ക്രെയിനും ട്രോളി ട്രക്കും ഉപയോഗിച്ച് ഒരു രാത്രി മുഴുവൻ എടുത്തുവെന്ന് ശിൽപി മോണ്ടി പോൾ പറഞ്ഞു. ക്രെയിൻ കടന്നുപോകുന്ന വഴിയിലെ ഓവർഹെഡ് കേബിളുകൾ പൊട്ടിച്ചുകളയേണ്ടി വന്നു. കൊൽക്കത്തയിൽ തന്നെയുള്ള, ഡീഗോ മറഡോണയുടെ 12 അടി ഉയരമുള്ള പ്രതിമയും നിർമിച്ചത് പോൾ ആണ്.

മെസ്സിക്കുള്ള ഇന്ത്യയുടെ ആദരമായാണ് കൊൽക്കത്തക്കാർ ഇതിനെ കാണുന്നത്. ഏറെ ആവേശത്തോടെ പ്രിയതാരത്തെ കാണാനായി കാത്തിരിക്കുകയാണവർ. ക്ലബ് തലത്തിൽ 963 മത്സരങ്ങളിൽ നിന്ന് 787 ഗോളുകൾ നേടിയ മെസ്സിയെ 2016ൽ അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സിൽ ഒരു വെങ്കല പ്രതിമ സ്ഥാപിച്ച് ആദരിച്ചിരുന്നു.

എട്ടു തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി ക്ലബ്ബ് സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവർക്കൊപ്പം നാളെ കൊൽക്കത്തയിൽ പ്രതിമ അനാച്ഛാദനം ചെയ്യും. ടൂർ ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.30ന് കൊൽക്കത്തയിൽ ആരംഭിച്ച് ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് നീങ്ങും.



© Madhyamam