മാഞ്ചസ്റ്റർ സിറ്റി പ്ലെയർ ഓഫ് ദ മന്ത്: ബെർണാഡോ സിൽവയും ഖുസാനോവും നോമിനേഷൻ പട്ടികയിൽ


മാഞ്ചസ്റ്റർ സിറ്റിയുടെ ഏപ്രിലിലെ മികച്ച താരം: നോമിനേഷൻ പട്ടികയിൽ ബെർണാഡോ സിൽവയും ഖുസാനോവും ഒ’റെയ്‌ലിയും

പ്രീമിയർ ലീഗിലും എഫ്എ കപ്പിലുമായി നടന്ന അഞ്ച് മത്സരങ്ങളിലും വിജയം കൈവരിച്ച മാഞ്ചസ്റ്റർ സിറ്റിയുടെ ഏപ്രിലിലെ മികച്ച താരത്തിനുള്ള നോമിനേഷനിൽ ബെർണാഡോ സിൽവ, അബ്ദുഖോദീർ ഖുസാനോവ്, നിക്കോ ഒ’റെയ്‌ലി എന്നിവരെ തിരഞ്ഞെടുത്തു.

ടീം ക്യാപ്റ്റൻ എന്ന നിലയിൽ ഏപ്രിലിൽ മികച്ച പ്രകടനമാണ് ബെർണാഡോ സിൽവ കാഴ്ചവെച്ചത്. ആഴ്‌സണൽ, ചെൽസി, ബേൺലി, ലിവർപൂൾ, സതാംപ്ടൺ എന്നിവർക്കെതിരായ നിർണായക മത്സരങ്ങളിൽ ടീമിന്റെ വിജയത്തിൽ സിൽവ വലിയ പങ്കുവഹിച്ചു. ലീഗിലും കപ്പ് മത്സരങ്ങളിലും സിറ്റിയുടെ കുതിപ്പിന് ഈ പ്രകടനങ്ങൾ തുണയായി.

പ്രതിരോധനിരയിൽ അബ്ദുഖോദീർ ഖുസാനോവ് തന്റെ മികച്ച ഫോം തുടർന്നു. 22-കാരനായ ഖുസാനോവ് പ്രതിരോധത്തിൽ ഉറച്ച പ്രകടനമാണ് പുറത്തെടുത്തത്. ബേൺലിക്കെതിരായ എവേ മത്സരത്തിൽ 1-0 എന്ന സ്‌കോറിന് സിറ്റി വിജയിച്ചപ്പോൾ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരവും ഖുസാനോവിനെ തേടിയെത്തി.

നിക്കോ ഒ’റെയ്‌ലിയും മികച്ച പ്രകടനത്തിലൂടെ ശ്രദ്ധനേടി. ചെൽസിക്കെതിരായ 3-0 വിജയത്തിൽ ഹെഡറിലൂടെ ഗോൾ നേടിയ ഒ’റെയ്‌ലി, ആഴ്‌സണലിനെതിരായ മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് പ്രകടനമാണ് നടത്തിയത്.

© Madhyamam