പ്രീമിയർ ലീഗ് ഫുട്ബോളിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 3-2 എന്ന സ്കോറിൽ ആവേശകരമായ വിജയം. ഈ വിജയത്തോടെ പ്രീമിയർ ലീഗിലെ ഒരു സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകുന്ന താരമെന്ന റെക്കോർഡിനൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് എത്തി. തിയറി ഹെൻറി, കെവിൻ ഡി ബ്രൂയ്ൻ എന്നിവർക്കൊപ്പം 20 അസിസ്റ്റുകളുമായാണ് ബ്രൂണോ ഇപ്പോൾ ഈ നേട്ടം പങ്കിടുന്നത്. അടുത്ത മത്സരത്തിൽ ഒരു അസിസ്റ്റ് കൂടി നേടാനായാൽ ബ്രൂണോയ്ക്ക് ചരിത്ര റെക്കോർഡ് സ്വന്തമാക്കാം.
ലൂക്ക് ഷോ, മാത്യൂസ് കുൻഹ, ബ്രയാൻ എംബ്യൂമോ എന്നിവരാണ് യുണൈറ്റഡിനായി ലക്ഷ്യം കണ്ടത്. കുൻഹയുടെ ഗോൾ നേടിയ സമയത്ത് പന്ത് കൈയിൽ തട്ടിയെന്ന വിവാദം ഉയർന്നുവെങ്കിലും റഫറി ഗോൾ അനുവദിക്കുകയായിരുന്നു. ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനം ഉറപ്പിക്കാൻ യുണൈറ്റഡിന് സാധിച്ചു. മൈക്കൽ കാരിക്കിന്റെ കീഴിൽ മികച്ച പ്രകടനമാണ് ടീം കാഴ്ചവെക്കുന്നത്. കാരിക്കിനെ സ്ഥിരം മാനേജറായി നിയമിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മത്സരത്തിനിടെ നാല് വർഷത്തെ സേവനത്തിന് ശേഷം ക്ലബ്ബ് വിടുന്ന കാസെമിറോയ്ക്ക് ആരാധകർ എഴുന്നേറ്റ് നിന്ന് ആദരമർപ്പിച്ചു. അതേസമയം, യൂറോപ്യൻ യോഗ്യതാ മത്സരങ്ങളിൽ ബ്രൈറ്റൺ ലീഡ്സിനോട് പരാജയപ്പെട്ടത് ടേബിളിലെ മറ്റ് ടീമുകൾക്ക് അവസരമൊരുക്കി. ബ്രെന്റ്ഫോർഡ് ക്രിസ്റ്റൽ പാലസിനെതിരെ സമനില പിടിച്ചു. സണ്ടർലാൻഡ് എവർട്ടനെതിരെ വിജയം നേടിയപ്പോൾ ഫുൾഹാം – വോൾവർഹാംപ്ടൺ മത്സരം സമനിലയിൽ അവസാനിച്ചു.
