മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ജോൺ സ്റ്റോൺസ് പടിയിറങ്ങുന്നു
ഈ സീസൺ അവസാനത്തോടെ മാഞ്ചസ്റ്റർ സിറ്റി താരം ജോൺ സ്റ്റോൺസ് ക്ലബ്ബ് വിടുമെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഫ്രീ ഏജന്റ് ആയാണ് താരം ടീമിൽ നിന്ന് പടിയിറങ്ങുന്നത്.
പത്ത് വർഷത്തെ സേവനത്തിന് ശേഷമാണ് ഈ സെന്റർ-ബാക്ക് എത്തിഹാദ് സ്റ്റേഡിയത്തോട് വിടപറയുന്നത്. മാഞ്ചസ്റ്റർ സിറ്റിക്കായി 293 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം, ടീം 19 പ്രധാന കിരീടങ്ങൾ നേടുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.
“മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്ബിന് മികച്ച സേവനം നൽകിയ താരത്തിന് സീസൺ അവസാനത്തിൽ ക്ലബ്ബും ആരാധകരും ചേർന്ന് ഉചിതമായ യാത്രയയപ്പ് നൽകും,” ക്ലബ്ബ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പരിക്കുകളെത്തുടർന്ന് ഈ സീസണിൽ ജോൺ സ്റ്റോൺസിന് പല മത്സരങ്ങളും നഷ്ടമായിരുന്നു. നിലവിൽ ഈ സീസണിൽ 16 മത്സരങ്ങളിൽ മാത്രമാണ് താരം സിറ്റിക്കായി കളത്തിലിറങ്ങിയത്.
