ലണ്ടൻ: തുടർച്ചയായ മൂന്നാം മത്സരത്തിലും വമ്പൻ തോൽവി ഏറ്റുവാങ്ങി ലിവർപൂൾ. യുവേഫ ചാമ്പ്യൻസ് ലീഗിൽ പി.എസ്.വിയെ നേരിടാനിറങ്ങിയ ലിവർപൂളിന് ആന്‍ഫീൽഡിൽ സ്വന്തം കാണികൾക്ക് മുൻപിൽ നാണംകെട്ട തോൽവി. 4-1 നാണ് ഡച്ച് ക്ലബായ പി.എസ്.വിയുടെ ജയം.
1953ന് ശേഷം ഇതാദ്യമായാണ് ലിവർപൂൾ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ മൂന്ന് ഗോളുകൾ വഴങ്ങി തോൽക്കുന്നത്. കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ പി.എസ്.വി മുന്നിലെത്തി. വാൻ ഡെയ്കിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽറ്റി ഇവാൻ പെരിസിച് ലക്ഷ്യം തെറ്റാതെ വലയിലെത്തിച്ചു.(1-0). 16ാം മിനിറ്റിൽ ഡൊമിനിക് സബോസലായിലൂടെ ലിവർപൂൾ ഒപ്പമെത്തി (1-1). പിന്നീട് ഗോളുകളൊന്നുമില്ലാതെ ആദ്യ പകുതി കടന്നുപോയി.
രണ്ടാം പകുതിയുടെ 56ാം മിനിറ്റിൽ ഗുസ് ടിൽ പി.എസ്.വിക്ക് രണ്ടാം ഗോൾ നേടി. 73ാം മിനിറ്റിൽ വീണ്ടും ലീഡ് ഉയർത്തി പി.എസ്.വി ലിവർപൂളിനെ ഞെട്ടിച്ചു. 23 കാരനായ മൊറോക്കൻ താരംചൗയിബ് ഡ്രിയൊയച്ചാണ് ഗോൾ നേടിയത്. 91ാം മിനിറ്റിൽ ഡ്രിയൊയച്ച് ലിവർപൂളിന്റെ പെട്ടിയിലെ അവസാന ആണിയും അടിച്ചു(4-1). തോല്‍വിയോടെ ഒൻപത് പോയിന്റോടെ 13ാം സ്ഥാനത്താണ് ലിവർപൂൾ. ഒരു പോയിന്റ് കുറവുള്ള പി.എസ്.വി 15ാമതാണ്.
മറ്റൊരു മത്സരത്തിൽ ത്രില്ലർ പോരിനൊടുവിൽ ടോട്ടൻഹം ഹോട്സ്പറിനെ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് കീഴടക്കി പി.എസ്.ജി കുതിപ്പ് തുടർന്നു. വീറ്റീഞ്ഞയുടെ ഹാട്രിക് മികവിലാണ് ഫ്രഞ്ച് പടയുടെ മിന്നും ജയം. 45,53, 76 മിനിറ്റുകളിലാണ് വിറ്റീഞ്ഞയുടെ ഹാട്രിക് ഗോളുകൾ. പോർചുഗൽ താരത്തിന്റെ കരിയറിലെ ആദ്യ ഹാട്രിക്കായിരുന്നു. 59ാം മിനിറ്റിൽ ഫാബിയൻ റൂയിസും 65ാം മിനിറ്റിൽ വില്യംസ് പാച്ചോയും പി.എസ്.ജിക്ക് വേണ്ടി വലകുലുക്കി.
ടോട്ടൻഹാമിന് വേണ്ടി റിച്ചാലിസൺ ഒരു ഗോളും കൊലമുആനി ഇരട്ടഗോളും നേടി. അന്തിമ വിസിലിന് തൊട്ടുമുൻപ് സാവി സിമൻസിന് എതിരായ മോശം ഫൗളിന് ലൂക്കാസ് ഹെർണാണ്ടസ് ചുവപ്പ് കാർഡ് പുറത്തായി.

നിറഞ്ഞാടി എംബാപ്പെ, ത്രില്ലർ പോരിൽ റയലിന് ജയം, ബയേണിന്റെ വിജയ കുതിപ്പിന് തടയിട്ട് ആഴ്സനൽ
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഒളിമ്പ്യാകാസിനെതിരെ എംബാപ്പെയുടെ വിളയാട്ടം. ത്രില്ലർ പോരിനൊടുവിൽ ജയം പിടിച്ച് റയൽ മാഡ്രിഡ്. മൂന്നിനെതിരെ നാല് ഗോളിനാണ് (3-4) റയലിന്റെ ജയം.
എട്ടാം മിനിറ്റിൽ പിറകെ പോയ റയലിന് വേണ്ടി 29 മിനിറ്റിൽ ഹാട്രിക്ക് നേടിയ സ്റ്റാർ സ്ട്രൈക്കർ കിലിയൻ എംബാപ്പെ അടിച്ചുകൂട്ടിയത് നാല് ഗോളുകളാണ്. 22, 24, 29, 60 മിനിറ്റുകളിലാണ് എംബാപ്പെ വല കുലുക്കിയത്. എട്ടാം മിനിറ്റിൽ ചിക്വിഞ്ഞോ, 52ാം മിനിറ്റിൽ മെഹ്ദി തരേമി, 81 ാം മിനിറ്റിൽ അയൂബ് എൽകാബിയുമാണ് ഒളിമ്പ്യാകാസിന് വേണ്ടി ഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് കീഴടക്കി ആഴ്സനൽ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. 18 കളികളിൽ പരാജയം അറിയാതെയുള്ള ബയേണിന്റെ കുതിപ്പിനാണ് ആഴ്സനൽ തടയിട്ടത്. 22ാം മിനിറ്റിൽ യൂറിയൻ ടിമ്പറും 69ാം മിനിറ്റിൽ നോനി മദുയെകയും 77ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയുമാണ് ആഴ്സനലിനായി ഗോൾ നേടിയത്. 32 ാം മിനിറ്റിൽ ലെനാർട്ട് കാളാണ് ബയേണിന്റെ ആശ്വാസ ഗോൾ നേടിയത്.
