ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ കരുത്തരായ ബയേൺ മ്യൂണിക്കും അത്ലറ്റികോ മഡ്രിഡും വമ്പൻ ജയം നേടിയപ്പോൾ, ലിവർപൂളിന് ഞെട്ടിക്കുന്ന തോൽവി. ന്യൂകാസിൽ യുനൈറ്റഡിനെതിരെ ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിലെ പെനാൽറ്റി ഗോളിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ സമനില കൊണ്ട് രക്ഷപ്പെട്ടു.
തുർക്കി ക്ലബ് ഗലാറ്റസാറെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇംഗ്ലീഷ് ചാമ്പ്യന്മാരെ വീഴ്ത്തിയത്. ലിവർപൂളിന്‍റെ പരിശീലക കുപ്പായത്തിൽ ആർനെ സ്ലോട്ടിന്‍റെ നൂറാം മത്സരമായിരുന്നു. ഇസ്താംബൂളിലെ റാംസ് പാർക്ക് മൈതാനിയിൽ സ്വന്തം ആരാധകർക്കു മുന്നിൽ കളത്തിലിറങ്ങിയ തുർക്കി ക്ലബ് ഏഴാം മിനിറ്റിൽ തന്നെ ലീഡെടുത്തു. കോർണറിൽനിന്ന് മരിയോ ലെമിനായാണ് ലക്ഷ്യംകണ്ടത്. വിക്ടർ ഒസിംഹെനാണ് ഗോളിന് വഴിയൊരുക്കിയത്. ഒസിംഹെനിലൂടെ ടീം ലീഡ് ഇരട്ടിയാക്കിയെങ്കിലും ഓഫ് സൈഡായി.
ഗോൾ മടക്കാനുള്ള ചെമ്പടയുടെ നീക്കങ്ങളെല്ലാം ടർക്കിഷുകാർ പ്രതിരോധിച്ചു. ഹാൻഡ് ബാളിനെ തുടർന്ന് ലിവർപൂളിന്‍റെ ഒരു ഗോൾ നിഷേധിച്ചു. ഹ്യൂഗോ എകിറ്റിക്കെയുടെ ഗോളെന്ന് ഉറപ്പിച്ച ഷോട്ട് ഗലാറ്റസാറെ ഗോൾകീപ്പർ രക്ഷപ്പെടുത്തി. പ്രീക്വാർട്ടർ രണ്ടാംപാദം ഈമാസം 18ന് ആൻഫീൽഡിൽ നടക്കും. മറ്റൊരു മത്സരത്തിൽ ജർമൻ ചാമ്പ്യന്മാരായ ബയേൺ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് ഇറ്റാലിയൻ ക്ലബ് അറ്റ്ലാന്‍റയെ തരിപ്പണമാക്കിയത്. സൂപ്പർതാരം ഹാരി കെയിൻ പകരക്കാരുടെ ബെഞ്ചിലുണ്ടായിരുന്നെങ്കിലും കളത്തിലിറങ്ങിയില്ല. ഇരട്ട ഗോളുമായി തിളങ്ങിയ മൈക്കൽ ഒലിസെ, മറ്റൊരു ഗോളിന് വഴിയൊരുക്കി. ആദ്യ 25 മിനിറ്റിനുള്ളിൽ തന്നെ ബയേൺ മൂന്നു ഗോളിന്‍റെ ലീഡെടുത്തിരുന്നു. ജോസിപ്പ് സ്റ്റാനിസിക് (12ാം മിനിറ്റിൽ), സെർജ് നാബ്രി (25), നിക്കോളാസ് ജാക്സൺ (52), ജമാൽ മൂസിയാല (67) എന്നിവരാണ് മറ്റു സ്കോറർമാർ.
ക്രൊയേഷ്യൻ താരം മരിയോ പസാലിക്ക് ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിലാണ് അറ്റ്ലാന്‍റയുടെ ആശ്വാസ ഗോൾ നേടിയത്. ഇംഗ്ലീഷ് ക്ലബ് ടോട്ടൻഹാമിനെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് അത്ലറ്റികോ ക്ലബ് വീഴ്ത്തിയത്. ജൂലിയൻ അൽവാരസ് ഇരട്ട ഗോളുമായി (15, 55 മിനിറ്റുകളിൽ) തിളങ്ങി. മാർകോസ് ലോറന്‍റെ (ആറ്), ആന്‍റോയിൻ ഗ്രീസ്മാൻ (14), റോബിൻ ലെ നോർമൻഡ് (22) എന്നിവരും വലകുലുക്കി. പെഡ്രോ പോറോ (26), ഡൊമിനിക് സോലങ്കെ (76) എന്നിവരാണ് ടോട്ടൻഹാമിന്‍റെ സ്കോറർമാർ. ന്യൂകാസിൽ യുനൈറ്റഡിന്‍റെ തട്ടകത്തിൽ തോൽവി ഉറപ്പിച്ചിരിക്കെയാണ് ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ (90+6ാം മിനിറ്റിൽ) ലഭിച്ച പെനാൽറ്റി യുവതാരം ലമീൻ യമാൽ ലക്ഷ്യത്തിലെത്തിച്ച് ബാഴ്സക്ക് സമനില സമ്മാനിച്ചത്.
86ാം മിനിറ്റിൽ ഹാർവി ബാൺസാണ് ന്യൂകാസിലിനായി വലകുലുക്കിയത്. ആദ്യ പകുതിയിൽ ഇരു ടീമുകളും പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ഗോൾരഹിതമായാണ് ഇടവേളക്ക് പിരിഞ്ഞത്. ജേക്കബ് മർഫി നൽകിയ മനോഹരമായ ക്രോസ് സ്വീകരിച്ച ബാൺസ് ബാഴ്‌സലോണ ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിക്കുകയായിരുന്നു. 74ാം മിനിറ്റിൽ ബാൺസിന്റെ മറ്റൊരു ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടി മടങ്ങി. ന്യൂകാസിൽ ഉയർത്തിയ വെല്ലുവിളികൾക്ക് മുന്നിൽ ബാഴ്‌സലോണ പലപ്പോഴും പതറി. വിജയം ഉറപ്പിച്ചിരിക്കെയാണ് 95-ാം മിനിറ്റിൽ ബോക്സിനുള്ളിൽ ഡാനി ഓൾമോയെ, ന്യൂകാസിൽ താരം മാലിക് തിയാവ് ഫൗൾ ചെയ്തത്. കിക്കെടുത്തു യമാൽ അനായാസം പന്ത് വലയിലാക്കി, ബാഴ്സക്ക് വിലപ്പെട്ട സമനില.
