മിലാൻ: തോൽവിത്തുടർച്ചയുടെ നാളുകൾക്ക് അറുതി കുറിച്ച് തകർപ്പൻ ജയവുമായി പ്രിമിയർ ലീഗ് അതികായരുടെ തിരിച്ചുവരവ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരത്തിൽ ബുണ്ടസ് ലിഗ ടീമായ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ അവരുടെ തട്ടകത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് വീഴ്ത്തിയായിരുന്നു ലിവർപൂൾ ചാമ്പ്യൻ പ്രകടനം തിരിച്ചുപിടിച്ചത്. മറ്റു കളികളിൽ യൂറോപ്യൻ വമ്പന്മാരായ റയൽ മഡ്രിഡ്, ബയേൺ മ്യൂണിക്ക്, ചെൽസി ടീമുകളും ജയിച്ചു.
സമീപ നാളുകളിൽ പഴയ പ്രതാപത്തിന്റെ നിഴലായി മാറിയ സൂപ്പർ സ്ട്രൈക്കർ മുഹമ്മദ് സലാഹിനെ പകരക്കാരുടെ ബെഞ്ചിലിരുത്തിയായിരുന്നു ആർനെ സ്ലോട്ട് ടീമിനെ ഇറക്കിയത്. ഒരു ഗോൾ വീണ് തുടക്കം പരുങ്ങിയെങ്കിലും ആദ്യ പകുതി അവസാനിക്കും മുമ്പ് മൂന്നെണ്ണം എതിർവലയിലെത്തിച്ച് ലിവർപൂൾ നയം വ്യക്തമാക്കി. രണ്ടാം പകുതിയിലും രണ്ടെണ്ണം അടിച്ചുകയറ്റി പട്ടിക തികച്ചു. ഐൻട്രാക്റ്റിനായി ക്രിസ്റ്റെൻസൺ സ്കോറിങ് തുടങ്ങിയ കളിയിൽ ലിവർപൂൾ നിരയിൽ എകിറ്റികെ, വാൻ ഡൈക്, കൊനാട്ടെ, ഗാക്പോ, സൊബോസ്ലായ് എന്നിവർ ലക്ഷ്യം കണ്ടു. ഫ്രാങ്ക്ഫർട്ട് നേരത്തേ തുർക്കി ക്ലബായ ഗലറ്റ്സരായിയെ ഇതേ സ്കോറിന് തോൽപിച്ചിരുന്നു. ലിവർപൂൾ ഇതേ തുർക്കി ക്ലബിന് മുന്നിൽ ഒറ്റഗോളിന് നാണം കെട്ടതും പോയ നാളുകളിലെ വിശേഷം.
15 തവണ ചാമ്പ്യന്മാരായ റയൽ മഡ്രിഡ് യുവന്റസിനെതിരെ ഒറ്റ ഗോൾ ജയവുമായാണ് മാനം കാത്തത്. വല കുലുക്കിയ ജൂഡ് ബെല്ലിങ്ഹാമിന് ചാമ്പ്യൻസ് ലീഗിൽ സീസണിലെ കന്നി ഗോളായിരുന്നു. കളി നിയന്ത്രിച്ചും അസിസ്റ്റ് നൽകിയും വിനീഷ്യസായിരുന്നു വിജയ ശിൽപി. മൂന്നു കളികളിൽ ഒമ്പത് പോയന്റോടെ ടീം ആദ്യ സ്ഥാനത്തുള്ള നാലു ക്ലബുകളിലൊന്നായി.
ഇത്രയും പോയന്റുറപ്പിച്ച ബയേൺ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ക്ലബ് ബ്രൂഗിനെ മടക്കിയത്. കാൾ, ഹാരി കെയ്ൻ, ലൂയിസ് ഡയസ്, ജാക്സൺ എന്നിവർ ലക്ഷ്യം കണ്ടു. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ കൗമാരക്കാർ ഗോളുത്സവം തീർത്ത മത്സരത്തിൽ 5-1നായിരുന്നു അയാക്സിനെതിരെ നീലപ്പടയുടെ ജയം. മൂന്നു പെനാൽറ്റിയും ഒരു ചുവപ്പുകാർഡുമായി സംഭവബഹുലമായ ആദ്യ പകുതിയിൽ അഞ്ച് ഗോളുകൾ പിറന്നു. മാർക് ഗിയു, മൊയ്സസ് കെയ്സിഡോ എന്നിവർ ചെൽസിക്ക് രണ്ട് ഗോൾ ലീഡ് നൽകിയപ്പോൾ വെഗ്ഹോഴ്സ്റ്റിലൂടെ അയാക്സ് ഒന്നു മടക്കിയെങ്കിലും പിന്നീടെല്ലാം ചട്ടപ്പടിയായിരുന്നു. എസ്റ്റവാഒ, എൻസോ ഫെർണാണ്ടസ്, ടിറിക് ജോർജ് എന്നിവരും വലകുലുക്കി ചെൽസി വിജയം ആധികാരികമാക്കി.
മറ്റു മത്സരങ്ങളിൽ സ്പോർടിങ് 2-1ന് മാഴ്സെയെയും ഗലറ്റ്സരായ് 3-1ന് ബോഡോയെയും അത്‍ലറ്റിക് ക്ലബ് ഇതേ സ്കോറിന് ഖരാബാഗിനെയും വീഴ്ത്തിയപ്പോൾ അറ്റ്ലാന്റ- സ്ലാവിയ പ്രാഗ്, മൊണാകോ- ടോട്ടൻഹാം മത്സരങ്ങൾ ഗോളടിക്കാതെയും സമനിലയിൽ പിരിഞ്ഞു.