മയാമി: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ സഹോദരി മരിയ സോൾ ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചുകയറി. ജനുവരി മൂന്നിന് അവരുടെ വിവാഹം നടക്കാനിരിക്കെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റതിനാൽ വിവാഹം നീട്ടിവെച്ചു. അപകടനില തരണം ചെയ്തെങ്കിലും കാലിലും കൈയിലും പൊട്ടലും ശരീരത്തിൽ പൊള്ളലുമേറ്റതിനാൽ കുടുംബം വിവാഹം നീട്ടിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
മയാമിയിൽ വെച്ചാണ് മരിയ ഓടിച്ച എസ്.യു.വി അപകടത്തിൽപെട്ടത്. ജന്മനഗരമായ റൊസാരിയോയിലേക്ക് തിരിച്ചുപോയ മരിയ മാതാവിന്‍റെയും കുടുംബത്തിന്‍റെയും പരിചരണത്തിലാണ്. മെസ്സിയുടെ ക്ലബായ ഇന്‍റർ മയാമിയുടെ അണ്ടർ 19 ടീം പരിശീലകൻ ജൂലിയൻ തുലി അരെല്ലാനോയുമായാണ് മരിയയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മരിയ പൂർണ ആരോഗ്യം വീണ്ടെടുക്കാൻ ഏറെ സമയമെടുക്കുമെന്നതിനാലാണ് വിവാഹം മാറ്റിവെക്കാൻ ഇരുവരുടെയും കുടുംബം തീരുമാനിച്ചതെന്നാണ് വിവരം.
മെസ്സിക്കു പിന്നാലെയാണ് അണ്ടർ 19 ടീമിന്‍റെ പരിശീലകനായി അരെല്ലാനോയും മയാമിയിലെത്തുന്നത്. 2017ൽ മെസ്സിയും കളിക്കൂട്ടുകാരി ആന്റൊണെല്ല റൊക്കൂസോയും തമ്മിലുള്ള വിവാഹത്തിലും അരെല്ലാനോ പങ്കെടുത്തിരുന്നു. ഡിസൈനറായ മരിയ സ്വന്തമായി ബിസിനസ്സ് നടത്തുന്നുണ്ട്. മെസ്സിയുടെ വിവിധ സംരംഭങ്ങളുമായി സഹകരിക്കുന്നുണ്ടെങ്കിലും സ്വന്തമായി ഒരു ബ്രാൻഡ് നടത്തുന്നുണ്ട്. സഹോദരിയുടെ അപകടവുമായി ബന്ധപ്പെട്ട് മെസ്സി ഇതുവരെ പ്രതികരിച്ചിട്ടില്ല. മയാമിക്ക് ചരിത്രത്തിൽ ആദ്യമായി എം.എൽ.എസ് കപ്പ് നേടികൊടുത്ത മെസ്സി നിലവിൽ അവധി ആഘോഷത്തിലാണ്.
അടുത്തിയുടെ ഇന്ത്യ ഗോട്ട് ടൂറിന്‍റെ ഭാഗമായി മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലും എത്തിയിരുന്നു. നിലവിൽ കുടുംബത്തോടൊപ്പം മയാമിയിൽ തന്നെയാണ് താരമുള്ളത്.
