അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മയാമിയിൽ തുടരും. 2028 ഡിസംബർ വരെ തുടരാനാണ് മേജർ സോക്കർ ലീഗുമായുള്ള പുതിയ കരാറിലെ ധാരണ. അടുത്ത ദിവസം നാഷണൽ ക്ലബ്ബിനെതിരെ നടക്കുന്ന ഇന്‍റർ മയാമിയുടെ പ്ലേഓഫ് മത്സരത്തിൽ മെസ്സി ഇറങ്ങും. പുതിയ കരാറിലൂടെ 38കാരനായ മെസ്സിയെ അടുത്ത മൂന്ന് വർഷത്തേക്കു കൂടി തങ്ങളുടെ താരമാക്കി നിലനിർത്തുകയാണ് ഇന്‍റർ മയാമി.
മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇന്‍റർ മയാമി മെസ്സിയുമായി ധാരണയിലെത്തിയത്. ഇന്‍റർ മയാമിയുടെ സഹഉടമസ്ഥൻ കൂടിയായ മുൻ ഇംഗ്ലിഷ് താരം ഡേവിഡ് ബെക്കാമാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. മൂന്ന് വർഷത്തിനപ്പുറം 41 വയസ്സിലെത്തുന്ന മെസ്സി, പ്രഫഷനൽ കരിയർ പിങ്ക് ജഴ്സിയിൽ അവസാനിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.
2023ൽ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിൽനിന്ന് മയാമിയിലെത്തിയ മെസ്സി, ക്ലബ്ബിനായി ഇതുവരെ 71 ഗോളുകൾ സ്വന്തമാക്കി. അമേരിക്കയിലെ സോക്കർ ലീഗിൽ മെസ്സിയുടെ സാന്നിധ്യം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്‍റർമയാമിയുടെ വിപണി മൂല്യവും പതിന്മടങ്ങ് വർധിച്ചു. താരവുമായുള്ള കരാർ നീട്ടുന്നതിലൂടെ ആഗോളതലത്തിലുള്ള ആരാധകപ്രീതി നിലനിർത്താമെന്നും ക്ലബ്ബ് കണക്കുകൂട്ടുന്നു.
