ഹാട്രിക് മെസ്സി! എം.എൽ.എസിൽ രണ്ടാമത്തെ ഹാട്രിക്; ഇന്‍റർമയാമിക്ക് തകർപ്പൻ ജയം

ന്യൂയോർക്ക്: സൂപ്പർതാരം ലയണൽ മെസ്സിയുടെ ഹാട്രിക് മികവിൽ ഇന്‍റർമയാമിക്ക് തകർപ്പൻ ജയം. മേജർ ലീഗ് സോക്കറിൽ (എം.എൽ.എസ്) നാഷ്‌വില്ലയെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് മയാമി തരിപ്പണമാക്കിയത്. അമേരിക്കൻ ലീഗിൽ മെസ്സിയുടെ രണ്ടാമത്തെ ഹാട്രിക്കാണിത്.

മത്സരത്തിൽ 34, 63 (പെനാൽറ്റി), 81 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ. കഴിഞ്ഞ ഒക്ടോബറിൽ ന്യൂ ഇംഗ്ലണ്ട് റവല്യൂഷനെതിരെയും മെസ്സി ഹാട്രിക് നേടിയിരുന്നു. സീസണിൽ ഗോൾവേട്ടക്കാരിൽ 29 ഗോളുകളുമായി മെസ്സിയാണ് ഒന്നാമത്. ബൽത്താസർ റോഡ്രിഗസ് (67), ടെലാസ്കോ സെഗോവിയ (90+1) എന്നിവരും മയാമിക്കായി വലകുലുക്കി. സാം സറിഡ്ജ് (43), ജേക്കബ് ഷാഫെൽബർഗ് (45+6) എന്നിവരാണ് നാഷ്‌വില്ലക്കായി ഗോൾ നേടിയത്.

നാഷ്‌വില്ലയുടെ തട്ടകമായ ജിയോഡിസ് പാർക്കിൽ നടന്ന മത്സരത്തിൽ 35ാം മിനിറ്റിൽ മെസ്സിയിലൂടെ മയാമിയാണ് ആദ്യം ലീഡെടുത്തത്. ബോക്സിന് തൊട്ടുപുറത്തുനിന്നുള്ള താരത്തിന്‍റെ ഷോട്ടാണ് ഗോളിയെയും കീഴ്പ്പെടുത്തി ലക്ഷ്യത്തിലെത്തിയത്. ഇടവേളക്കു പിരിയാൻ രണ്ടു മിനിറ്റ് മാത്രം ബാക്കി നിൽക്കെ സാം സറിഡ്ജ് ഹെഡ്ഡറിലൂടെ ആതിഥേയരെ ഒപ്പമെത്തിച്ചു. ഇടവേളയുടെ ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ മയാമിയെ ഞെട്ടിച്ച് ഷാഫെൽബർഗ് നാഷ്‌വിയെ മുന്നിലെത്തിച്ചു.

റീബൗണ്ട് പന്താണ് താരം വലയിലാക്കിയത്. 2-1 എന്ന സ്കോറിനാണ് ഇടവേളക്ക് പിരിഞ്ഞത്. 62ാം മിനിറ്റിൽ മയാമിക്ക് അനുകൂലമായി പെനാൽറ്റി. ആൻഡി നജർ പന്ത് കൈകൊണ്ട് തൊട്ടതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. ഷോട്ടെടുത്ത മെസ്സി പന്ത് അനായാസം ലക്ഷ്യത്തിലെത്തിച്ചു. അഞ്ചു മിനിറ്റിനുള്ളിൽ റോഡ്രിഗസിന്‍റെ ഗോളിലൂടെ മയാമി വീണ്ടും ലീഡെടുത്തു. 81ാം മിനിറ്റിൽ മെസ്സി മത്സരത്തിലെ മൂന്നാം ഗോളും നേടി ഹാട്രിക്ക് പൂർത്തിയാക്കി. ബോക്സിന്‍റെ മധ്യത്തിൽനിന്നാണ് ഇടങ്കാൽ കൊണ്ട് താരം വലകുലുക്കിയത്.

ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ സെഗോവിയ മയാമിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. ഒടുവിൽ 5-2നാണ് മത്സരം അവസാനിച്ചത്. ലീഗിലെ ഗോൾഡൻ ബൂട്ടിനുള്ള പോരിൽ മെസ്സി ബഹുദൂരം മുന്നിലാണ്. രണ്ടാമതുള്ള സറിഡ്ജ്, ലോസ് ആഞ്ജലസിന്‍റെ ഡെന്നിസ് ബുവാങ്ക എന്നിവരേക്കാൾ മെസ്സിക്ക് അഞ്ചു ഗോളിന്‍റെ ലീഡുണ്ട്. 34 മത്സരങ്ങളിൽനിന്ന് 65 പോയന്‍റുമായി ലീഡിൽ രണ്ടാമതാണ് മയാമി. ഒരു പോയന്‍റ് കൂടുതലുള്ള ഫിലാഡെൽഫിയ യൂനിയനാണ് ഒന്നാമത്. ‍‍‍



© Madhyamam