ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ട്രാൻസ്ഫർ വാർത്തകളിൽ ഒന്ന് യാഥാർത്ഥ്യമായി. ജോർജിയൻ വിങ്ങർ ഖ്വിച്ച ക്വാറാറ്റ്സ്കെലിയ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയിലേക്ക് ചേക്കേറി.
നാപോളിയുമായുള്ള കരാർ വിശദാംശങ്ങൾ അന്തിമമാക്കിയതായി ഫാബ്രിസിയോ റൊമാനോ സ്ഥിരീകരിച്ചു. 70 മില്യൺ യൂറോയ്ക്ക് മുകളിലാണ് ട്രാൻസ്ഫർ ഫീസ്. അഞ്ച് വർഷത്തെ കരാറിലാണ് താരം പി.എസ്.ജിയിൽ ചേരുന്നത്. ഈ ആഴ്ച തന്നെ മെഡിക്കൽ പരിശോധന നടത്താനും ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്.
ക്വാറാറ്റ്സ്കെലിയയുടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നാപോളി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അലജാൻഡ്രോ ഗാർണാച്ചോയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
നാപോളിക്കായി 107 മത്സരങ്ങളിൽ നിന്ന് 30 ഗോളുകളും 29 അസിസ്റ്റുകളുമാണ് ക്വാറാറ്റ്സ്കെലിയ നേടിയത്.
ക്വാറാറ്റ്സ്കെലിയയുടെ വരവ് പിഎസ്ജിയുടെ ആക്രമണ നിരയെ കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തൽ. ലോകത്തിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായ ക്വാറാറ്റ്സ്കെലിയയുടെ പ്രകടനം പിഎസ്ജി ആരാധകർക്ക് ആവേശം പകരും എന്നുറപ്പാണ്.