ഇന്റർ മിലാനിൽ കരിയർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു: ബാഴ്‌സലോണ വാർത്തകൾ തള്ളി ലൗറ്റാരോ മാർട്ടിനസ്


ഇന്റർ മിലാനിൽ തുടരാൻ ആഗ്രഹമെന്ന് ലൗട്ടാരോ മാർട്ടിനസ്

ഈ വേനൽക്കാലത്ത് ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്കിടെ, ഇന്റർ മിലാനോടുള്ള തന്റെ പ്രതിബദ്ധത വ്യക്തമാക്കി സ്‌ട്രൈക്കർ ലൗട്ടാരോ മാർട്ടിനസ് രംഗത്ത്.

“എന്റെ കരിയർ ഇന്ററിൽ തന്നെ അവസാനിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ ഇവിടെ വളരെ സന്തോഷവാനാണ്. മറ്റൊരു ക്ലബ്ബിൽ എന്നെ എനിക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല,” അർജന്റീന താരം പറഞ്ഞു.

“ക്ലബ്ബ് എന്നെ പുറത്താക്കാത്തിടത്തോളം കാലം, ഞാൻ ഇവിടെത്തന്നെ തുടരും!”

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ജൂലിയൻ ആൽവാരസിന് പകരക്കാരനായി 28-കാരനായ ലൗട്ടാരോയെ ടീമിലെത്തിക്കാൻ ബാഴ്‌സലോണ ചർച്ചകൾ തുടങ്ങിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഈ സീസണിൽ ഇന്റർ മിലാനെ സിരി എ, കോപ്പ ഇറ്റാലിയ കിരീടങ്ങളിലേക്ക് നയിച്ച ലൗട്ടാരോ, എല്ലാ മത്സരങ്ങളിലുമായി 22 ഗോളുകളും ആറ് അസിസ്റ്റുകളും നേടിയിട്ടുണ്ട്.

നിലവിൽ 2029 വരെയാണ് താരത്തിന് ക്ലബ്ബുമായി കരാറുള്ളത്.

© Madhyamam